arrow_backBack to HomeScience Fiction Story

ന്യൂറോ-ലിങ്ക്

By അജ്ഞാതൻ

കണ്ണ് തുറക്കുമ്പോൾ റിയ കിടക്കയിലാണ്. ചുറ്റും കണ്ണോടിച്ചപ്പോൾ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ഓപ്പറേഷൻ തീയേറ്റർ പോലെ തോന്നിച്ചു. മെല്ലെ എഴുണേൽക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. കൈകാലുകൾ ബന്ധിതമാണ്. പെട്ടന്ന് റൂം തുറന്ന് കറുത്ത വസ്ത്രങ്ങളും കയ്യുറയും ധരിച്ചൊരാൾ കയറി വന്നു. മാസ്കണിഞ്ഞതിനാൽ മുഖം അവ്യക്തമാണ്. രൂപം അടുത്തെത്തി.

“റിയ, ലിസൺ...നിന്റെ ഡാഡി എന്നെ തകർക്കാൻ ഒരുപാട് ശ്രമിച്ചു. പക്ഷെ, ഒരു തെളിവ് പോലും അവശേഷിക്കാതെ ഞാൻ അയാളെയങ്ങ് തീർത്തു കളഞ്ഞു. എന്നിട്ടും നിന്റെ കുടുംബത്തിന് മതിയായില്ല. ഇപ്പോൾ അതിന് ചരടുവലിക്കുന്നത് നിന്റെ മമ്മയാണ്. ഒരുപാട് വാർണിങ് നൽകി. ബട്ട്, ഇനി എനിക്ക് മുമ്പിൽ ഒരു ലക്ഷ്യമേയൊള്ളൂ. അതിലേക്കുള്ള മാർഗം നീയും…”

ഘനശബ്ദത്തിൽ ഇത്രയും കേട്ടതും റിയയുടെ ഓർമ്മകൾ പിന്നോട്ട് മറിഞ്ഞു.

എട്ട് വർഷങ്ങൾക്ക് മുമ്പ് അച്ഛനും സുഹൃത്ത് അനിലും ചേർന്നൊരു ലാബ് തുടങ്ങി. ശാസ്ത്രലോകത്തേക്ക് പുതുതായിട്ട് വല്ലതും സംഭാവന ചെയ്യാൻ സാധിക്കുമോ എന്നതായിരുന്നു പരീക്ഷണം. രണ്ടു പേരും വർഷങ്ങളായി ഇന്ത്യയിലും അമേരിക്കയിലും ചെയ്ത സ്തുത്യർഹമായ സേവനങ്ങൾക്ക് ഉപഹാരമായി അതിന്റെ സ്പോൺസർഷിപ്പ് ഗവൺമെന്റ് ഏറ്റെടുത്തു. സമൂഹത്തിന് കൂടി ഉപകരിക്കുന്ന വല്ലതും കണ്ടെത്തുകയായിരുന്നു ഡാഡിയുടെ ലക്ഷ്യം. അൽഷിമേഴ്സ് ഭേദപ്പെടാനുള്ള ന്യൂറോ പ്ലാന്റിങ്, കുറ്റവാളികളെ നേർവഴി നടത്താൻ മെമ്മറി മാനിപ്പുലേഷൻ ടെക്നോളജി തുടങ്ങിയ പരീക്ഷണങ്ങളിൽ അദ്ധേഹം ഏർപ്പെട്ടു. പക്ഷെ, അനിൽ കുശാഗ്രബുദ്ധിക്കാരനായിരുന്നു. ഇതിനെയെല്ലാം വക്രീകരിക്കാനാണ് അനിൽ ശ്രമിച്ചത്. മനുഷ്യമനസ്സുകളിൽ നിന്ന് ഓർമ്മകളെടുത്ത് മാറ്റുന്ന പരീക്ഷണങ്ങൾക്ക് പലരേയും വിധേയമാക്കുകയും അവരെ പല ആവശ്യങ്ങൾക്ക് മുതലെടുക്കുകയും ചെയ്തു. ഒടുവിൽ മനസ്സ് മടുത്ത് അച്ഛൻ റിസൈൻ ചെയ്യുകയും ലാബിനെതിരെ കേസ് കൊടുക്കുകയും ചെയ്തു. ഡാഡിയുടെ മരണമായിരുന്നു അതിനു ലഭിച്ച ഫലം. അച്ഛൻ സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുത്തിയതാണെന്ന് ഉറപ്പായിരുന്നിട്ടും തെളിവുകളുടെ അഭാവത്തിൽ അതും വെറും അപകടമരണമായി തള്ളിക്കളഞ്ഞു. ഇപ്പോൾ മമ്മിയും കേസിന് പിന്നാലെ ഒരുപാട് ഓടി നടക്കുന്നു. അതിനെ കുറിച്ചാണ് ഞാനിപ്പോൾ കേട്ടത്.

“ഏയ്...ലുക്ക് ഹിയർ.” ഒരു വിരൽ ഞൊടിക്കുന്ന ശബ്ദം. നേരത്തെ വന്നയാൾ മാസ്ക് മാറ്റിയിട്ടുണ്ട്. പ്രതീക്ഷിച്ച പോലെ അനിലങ്കിൾ...!