വീട്ടുരാജ്യം

By ശാമിൽ ചുള്ളിപ്പാറ

വീടൊരു കൊച്ചു രാജ്യമാണ്. നേരം തെറ്റാതെ ഉറങ്ങുകയും നേരത്തെ എണീക്കലുമാണ് നിയമവ്യവസ്ഥ.

നേരും നെറിയും കോഴിക്കൂട്ടിൽ നിന്നും കൂവി വെളിച്ചത്താക്കുന്ന 'പൂവനാണ് ' നൊബൽ പ്രൈസ് നേടിയ രാജ്യത്തെ ഏക കവി.

അടുക്കള,കുളിമുറി കിടപ്പ്മുറി, കോലായി തുടക്കകാലം മുതലുള്ളതും, ചുമരോട് ചാരിയ ടോയ്ലറ്റ് വിഭജിച്ചുണ്ടായതുമായ സംസ്ഥാനങ്ങളാണ്.

അപ്പനാണ് പ്രധാനമന്ത്രി. അമ്മയോ ആഭ്യന്തരമന്ത്രി. ആങ്ങളയും പെങ്ങളും മന്ത്രിസഭയിൽ കേറിട്ടേയുള്ളൂ. ഓരോ വർഷത്തിൻ്റെ അന്ത്യത്തിലും വിറ്റ പാലിൻ്റെ കണക്കും, വാങ്ങിയ പലചരക്കിൻ്റെ വിലയുമെല്ലാം, എണ്ണി തിട്ടപ്പെടുത്തി രാജ്യസഭയിൽ ബില്ലവതരിപ്പിക്കാനുള്ള ചുമതല ചേച്ചിക്കാണ്. മിച്ചമൊന്നുമില്ലെങ്കിലും ജീവിതമെന്ന ലാഭപ്രക്രിയ നടന്നുപോകുന്നതാണ് രാജ്യത്തിൻ്റെ സാമ്പത്തികഭദ്രത.

പാകം നോക്കാനാളുകൾ ഓടിയെത്തുന്നതിനാൽ പ്രത്യേക (313) പദവി നൽകിയ സംസ്ഥാനമാണ് അടുക്കള. പെണ്ണുങ്ങൾക്ക് റിസർവേഷൻ ചെയ്ത സീറ്റാണിതെന്ന പതിവ് പല്ലവിയിൽ ചെറിയ മാറ്റം, വല്ല്യേട്ടനാണ് പാചകമന്ത്രി. ഏറിയ എരിവും നേരിയ ഉപ്പും കൂടിയാൽ രാജ്യകലഹമുണ്ടാവുമെ- ന്നതിനാൽ ആ കടമ നിലനിന്ന് പോകുന്നുണ്ട്.

എപ്പോഴും പ്രളയമുണ്ടാകുന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സംസ്ഥാനമാണ് കുളിമുറി. കയറി ചെല്ലുന്നവരൊക്കയും പാടിത്തീർക്കുന്ന 'മൂളിപ്പാട്ടു'കളാണ് ദേശീയ ഗാനം. നഗ്നതയാണ് നാട്ടുഭാഷ.

രാജ്യബജറ്റിൽ ഒന്നുമില്ലാത്തതിനാൽ, മലം തിന്ന് അടിവയറ് നിറഞ്ഞതിനാൽ, ദാരിദ്ര്യപട്ടികയിൽ ഒന്നാമതായ സംസ്ഥാനമാണ് ടോയ്ലറ്റ്.

സ്ഫോടനങ്ങളില്ലാതെ മക്കളോടുള്ള യുദ്ധങ്ങളില്ലാതെ അയൽവാസികളോടുള്ള അതിർത്തി തർക്കങ്ങളില്ലാതെ, രാജ്യവും ഭരണഘടനയും നടന്നു നീങ്ങി.

എന്നിട്ടും, എന്താണന്നറിയില്ല, വീട്ടുരാജ്യത്തിലെ പ്രധാനമന്ത്രി മാത്രം മാറിയില്ല.

രാഷ്ട്രീയ ബന്ധങ്ങളുണ്ടായതിനാൽ സി ബി ഐയുടെ റിപ്പോർട്ട് വന്നില്ല !