കാലത്തിന്റെ കൈപ്പത്തിയിൽ ബാക്കിയായ ചില അടയാളങ്ങൾ പോലെ, ചക്രവാളത്തിൽ പ്രഭാകിരണങ്ങൾ തിളങ്ങി നിൽക്കുന്നു. മുന്നോട്ടു പോകുംതോറും ഓരോ കാഴ്ചകളും പിന്നിലോട്ടു മറഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. കൂടെ നല്ല തണുത്ത കാറ്റും തലോടുന്നു. പക്ഷേ ഉള്ളിലരിയുന്ന കനലിനെ തണുപ്പിക്കാൻ ഈ ശൈത്യത്തിനാവുന്നില്ല. ട്രെയിനിന്റെ വേഗത കുറയുന്നതിനോടൊപ്പം കൈവിരലുകളിൽ ആകെ മരവിപ്പ് അനുഭവപ്പെടുന്നു. വർഷങ്ങൾ നീണ്ടുനിന്ന കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നതുകൊണ്ടാകാം.
'തിരുവനന്തപുരം സെൻട്രൽ' എന്നെഴുതിയ ബോർഡ് കണ്ണെത്താദൂരം കടന്നിരിക്കുന്നു. നെഞ്ചിനുള്ളിൽ ഒരു കരിങ്കൽ ചുമക്കുന്നതുപോലെ, വാതിലിനു പുറത്ത് കാത്തിരിക്കുന്നത് സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല.
ഇന്നലെ രാത്രി കഴിച്ച ചപ്പാത്തി ഇന്നാണോ ദഹിച്ചത്? വയറിനുള്ളിൽ എന്തോ ഒന്ന് കത്തിയെരിയുന്ന ഒരു പ്രതീതി. വിശപ്പിന്റെ വിളി നല്ലോണം അറിയാനുണ്ട്. എന്നാൽ ഇനിയും കാത്തിരിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. സ്റ്റേഷനിൽ നിന്നുതന്നെ മുഖം കഴുകി പുറത്തേക്ക് ഇറങ്ങുമ്പോൾ പ്രവാസജീവിതം നിർത്തി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയവരെ പോലെ ഒരു ആശ്വാസം. അതെ, ഇതാണ് എന്റെ ജന്മനഗരം. എന്റെ കുട്ടിക്കാലം കണ്ട നഗരം. ഇവിടെ നിന്നാകണം എന്നെ അവർ അവിടത്തേക്ക് പറിച്ചുനട്ടത്. ഉള്ളറകളിൽ മങ്ങിക്കിടക്കുന്ന ഓരോന്നും മറനീക്കി എത്തിനോക്കുന്നുണ്ട്.
അരയ്ക്കൊപ്പം വരുന്ന നീണ്ട മുടി മുടഞ്ഞിട്ട്, നിറം മങ്ങിയ ഒരു കോട്ടൺ സാരിയുമുടുത്ത് 'കണ്ണാ' എന്നു വിളിച്ച് കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് തുടരെത്തുടരെ ഉമ്മകൾ കൊണ്ട് എന്നെ മൂടിയ അമ്മ.
എന്റെ അഞ്ചാം വയസ്സിലെ പിറന്നാൾ ആഘോഷത്തിന് ശേഷം പിന്നീട് ആ രൂപം ഞാൻ കണ്ടിട്ടില്ല. അക്ഷരങ്ങൾ കൂട്ടി വായിച്ച് അർഥം മനസ്സിലാക്കാൻ കഴിയാത്ത പ്രായത്തിൽ എന്നെയും കൊണ്ട് 'അനാഥാലയം' എന്ന വലിയ ബോർഡുള്ള ആ ഗേറ്റ് തുറന്ന് അകത്തേക്ക് കയറുമ്പോൾ അമ്മ എനിക്കു മുന്നിൽ പുതിയൊരു ലോകമാണ് തുറന്നുതന്നത്. അതിൽ നിന്നും പുറത്തിറങ്ങാൻ ആ കൈകൾ പിന്നെ നീട്ടിയിട്ടില്ല.
ആ ദിവസത്തിന് ശേഷം ഇന്നുവരെ ഓരോ ആൾക്കൂട്ടത്തിലും ഞാൻ ആ നീണ്ടുമെലിഞ്ഞ, നിറം മങ്ങിയ കോട്ടൺ സാരിയുടുത്ത, വെള്ളക്കല്ലിൽ പണിതീർത്ത മൂക്കുത്തി അണിഞ്ഞ അമ്മയുടെ രൂപത്തെ തിരായാറുണ്ട്. എന്റെ അബോധമനസ്സിൽ നിന്ന് ആ മുഖം ഓർത്തെടുക്കാൻ ശ്രമിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. കാലചക്രം തിരിയുമ്പോൾ എന്റെ അരികിലേക്ക് അമ്മ വരുമെന്നു പ്രതീക്ഷിച്ചിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും, അന്നത്തെ അഞ്ചു വയസ്സുകാരനിൽ നിന്നും ഈ യൗവനത്തിൽ നിൽക്കുമ്പോഴും എന്റെ പ്രതിക്ഷയുടെ കാലചക്രത്തിന് അനക്കമൊന്നും ഉണ്ടായില്ല.
ഇന്നല്ലെങ്കിൽ നാളെ എന്നെ തേടി വരും എന്ന് ഞാൻ കരുതിയ ആ നിറം മങ്ങിയ സാരിയുടെ നിഴൽ പോലും ഇന്നുവരെ ഞാൻ കണ്ടിട്ടില്ല. പക്ഷേ അനാഥനെന്ന് ആര് വിളിച്ചാലും ഒരമ്മയുണ്ട് എന്ന് മനസ്സിൽ ഒരു പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ തന്നെയാണ് ഇന്നീ യാത്രയുടെ കാരണം.
സ്റ്റേഷനിൽ നിന്നും ടാക്സിയിലുള്ള യാത്രയുടെ വേഗത കുറവുള്ളത് പോലെ. അവരെ കാണുമ്പോൾ ചോദിക്കാനുള്ള ഓരോ ചോദ്യങ്ങളും മനസ്സിൽ തിടുക്കപ്പെടുത്തുന്നതോടൊപ്പം ഞാൻ ആരാണെന്ന് എങ്ങനെ പറഞ്ഞു കൊടുക്കും എന്നതായിരുന്നു എൻ്റെയുള്ളിലെ ഏറ്റവും വലിയ ചോദ്യചിഹ്നം.
എല്ലാ യാത്രകളും ആസ്വാദ്യകരമാകാറില്ലെങ്കിലും ചെറിയ അനുഭൂതിയെങ്കിലും അനുഭവിക്കാറുണ്ട്. ഇന്ന് എനിക്ക് അതിനു പോലും കഴിയുന്നില്ല. ഉള്ളിന്റെയുള്ളിൽ ഒരു വിറയൽ, അത് ശരീരമാകെ പടരുന്നത് പോലെ. കാത്തിരിപ്പിനെക്കാൾ വേദന അത് അവസാനിക്കുമ്പോഴാവാം. ബ്രേക്ക് ഓരോ തവണ ചവിട്ടുമ്പോഴും നെഞ്ചിടിപ്പിന്റെ ശബ്ദം പുറത്തേക്ക് കേൾക്കാം. കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കൊണ്ട് കാഴ്ചകൾക്കാകെ ഒരു മങ്ങൽ.
”സാർ... എത്തി” ആഞ്ഞൊന്ന് നിശ്വസിച്ചു കാറിൽ നിന്നും ഇറങ്ങുമ്പോഴും ഞാൻ ചിന്തകളിൽ ബന്ധിതനായിരുന്നു. ഞാൻ ആരാണെന്ന് പറയും? അന്നത്തെ അഞ്ചു വയസ്സുകാരനിൽ നിന്നും ഇപ്പോൾ ഒരുപാട് വളർന്നല്ലോ, മകൻ എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതോ, പണ്ട് ഒരുപാട് അപരിചിതർക്കു നടുവിൽ ഉപേക്ഷിച്ചു പോയ........
ആലോചനകൾക്കൊടുവിലാണ് ആ കുറ്റിക്കാട് നിറഞ്ഞ മുറ്റവും ഒന്നു തള്ളിയാൽ മറിഞ്ഞു വീഴുന്ന ഗെയ്റ്റും ശ്രദ്ധിച്ചത്. ആകെ ഒരു അപസൂചന. ചെന്നിയിൽ നിന്നും വിയർപ്പുതുള്ളികൾ ഒരു പാത സൃഷ്ടിക്കുന്നുണ്ട്. ഉയർന്നുവരുന്ന നെഞ്ചിടിപ്പിനെ ആശ്വസിപ്പിച്ചു കൊണ്ട് ഗേറ്റിൽ പിടിച്ചു തുറക്കാൻ തുടങ്ങുമ്പോഴാണ് അടുത്ത വീടുകളിലെ മതിലുകളിൽ നിന്ന് ചൂഴ്ന്നുള്ള നോട്ടം കൊണ്ട് രണ്ടു തലകൾ അടുത്തേക്ക് വരുന്നത്.
'ആരാ? എന്തിനാ ഇവിടെ നിൽക്കുന്നത്?' ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കാത്ത മറുപടി കൊടുക്കാം. 'ഞാൻ കുറച്ച് ദൂരെ നിന്നാണ്, ഈ വീട്ടിലെ അമ്മയെ ഒന്ന് കാണാൻ.' രണ്ടാളുടെ മുഖത്തും ഒരു അത്ഭുതം തെളിയുന്നുണ്ട്.
'അതിനിവിടെ ആരുമില്ല.' ഇപ്പോൾ അമ്പരപ്പ് എന്റെ മുഖത്താണ്. 'ഇവിടത്തെ ആള് മരിച്ചിട്ട് കൊല്ലം കുറെ ആയല്ലോ.'
കേട്ടത് വിശ്വസിക്കാൻ എനിക്ക് കുറച്ചു സമയം എടുക്കേണ്ടിവന്നു. അവരോടൊന്നും പറയാതെ തിരിഞ്ഞു നടക്കുമ്പോൾ ആരാണ് മരിച്ചതെന്നോ എങ്ങനെയാണെന്നോ ഞാൻ ചോദിച്ചില്ല. ഒരു തരം ശൂന്യത മാത്രമാണോ ഉള്ളിൽ നിറഞ്ഞത്? അതോ സത്യത്തെ ഉൾകൊള്ളാനുള്ള ഭയമോ? കൂടുതൽ അന്വേഷിച്ചാൽ അത് എന്റെ അമ്മ തന്നെയാണെങ്കിൽ ഞാൻ പൂർണമായും അനാഥനായി മാറിയാലോ?
ഇനിയും ഞാൻ ഓരോ ആൾക്കൂട്ടത്തിലും ആ കണ്ടു കൊതിതീരാതെ ഓർമ്മക്കുള്ളിൽ ഒളിച്ച സ്ത്രീരൂപം തിരഞ്ഞു നടന്നോളാം. ചിലപ്പോൾ കാലചക്രം തിരിഞ്ഞു വന്ന് എന്റെ പ്രതീക്ഷ നടന്നാലോ?