ചോരപ്പെണ്ണുങ്ങൾ

By ലുഖ്മാൻ തെന്നല

തെളിച്ചം ചൂട് പിടിക്കുന്നതിന് മുമ്പ് പത്രക്കെട്ടിലെ നരച്ച ചിത്രങ്ങൾ വീട്ടുവരാന്തയിലെത്തും. ചേതനയറ്റ എല്ലുവരിക്കോടുകൾ പുതപ്പിച്ച കുഞ്ഞുങ്ങളെ മക്കളേന്ന് വിളിച്ച് നീലാമ്പരി കണ്ണീര് പൊഴിക്കും.

കുഞ്ഞില്ലാത്ത മച്ചിപെണ്ണേന്ന് പെണ്ണുങ്ങൾ പിറുപിറുക്കുമ്പോൾ മാറ് തൊട്ട് പള്ള ഉഴിയും കുഞ്ഞിനെ കോരിയെടുത്ത് സ്വപ്നം തുന്നും. നിലാവ് പെയ്ത എത്രയോ രാത്രികളിൽ അടിവയറിൽ ഉപ്പ് പിടിക്കാത്ത രതിക്കൂട്ടുകളിൽ ഒരു തരി വല്യ ഉപ്പ് തിടുക്കം വെച്ചു.

പള്ള ഉഴിഞ്ഞ് രാവുകളെണ്ണി ചാപ്പിള്ള നൂല് മുറിഞ്ഞ് പോന്നു. അനക്കമില്ലാത്ത ഇറച്ചി പിണ്ഡം മണ്ണിലേക്ക് പൂഴ്ത്തി.

കനം വെച്ച മാറിടെത്തിൽ നിന്നും ചോരഗന്ധം മൈലാഞ്ചിയിൽ ചെമപ്പിച്ച് പത്രങ്ങളിലെ ചോരപ്പെണ്ണുങ്ങളെ വിളിച്ചു. ഓഷ്ഫിറ്റ് പറഞ്ഞ 'എല്ലു മനുഷ്യരെ' പോലെ അവളും അമ്മയായി.