എന്തിനിങ്ങനെ ഒരു ഉന്നത വിദ്യാഭ്യാസ മന്ത്രി? വൈറലായി യുവാവ്

By അജ്ഞാതൻ

പോളിംഗ് ബൂത്തിൽ കന്നിവോട്ടിനെത്തിയതാണ് മുബാരിസ്. നാലാംതരം വരെ താൻ പഠിച്ച ആ വിദ്യാലയത്തിന് കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ടായിരുന്നു. വിദ്യാലയത്തിന് ഒത്ത നടുവിലായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ തിണ്ണയിൽ ഖദറിട്ട രാഷ്ട്രീയക്കാർ ചമ്രം പടിഞ്ഞിരിക്കുന്നുണ്ട്. തോക്കേന്തിയ പട്ടാളക്കാരെ കണ്ടപ്പോൾ അവന് അവരോട് ആദരവ് തോന്നി. വരി പതിയെ നീങ്ങുന്നുണ്ടായിരുന്നു.

“കന്നി വോട്ടാറാണോ?” ക്രമ നമ്പറും പേരും ഉച്ചത്തിൽ വായിച്ച ശേഷം ഉദ്യോഗസ്ഥൻ മുബാരിസിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു. ”അതെ, ഹൽവയെവിടെ?” പെട്ടെന്നുള്ള മറുചോദ്യത്തിൽ ബൂത്തിനകത്തെ ഉദ്യോഗസ്ഥർ ചിരിച്ചുവെങ്കിലും വ്യക്തമായ ഉത്തരം നൽകാത്തത് മുബാരിസിനെ തെല്ലൊന്ന് വേദനിപ്പിച്ചു. വിരലിൽ മഷി പുരട്ടവേ ഉദ്യോഗസ്ഥനോട് മുബാരിസ് ഉറച്ച സ്വരത്തിൽ പറഞ്ഞു. “ഞാൻ നിങ്ങളുടെ ഔദാര്യമല്ലല്ലോ ചോദിച്ചത്, എന്റെ അവകാശമല്ലേ? അതും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്!”

നിലപാട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ ശേഷം വോട്ടിംഗ് മിഷൈന് നേരെ നടക്കുമ്പോൾ രാജ്യത്തെ പൗരൻ എന്ന നിലയിൽ തന്റെ അവകാശത്തിന് വേണ്ടി സംസാരിച്ചതിൽ അവൻ അഭിമാനം കൊണ്ടു. കുത്തേണ്ടിടത്ത് വോട്ടു കുത്തി പോളിംഗ് ബൂത്തിൽ നിന്ന് ഇറങ്ങവേ “സന്റിയാഗോബ ബെർനാബ്യു” സ്റ്റേഡിയത്തിൽ ഹാട്രിക് അടിച്ച് കളം വിടുന്ന മെസ്സിയുടെ പ്രതീതിയായിരുന്നു മുബാരിസിന്.

സൂര്യൻ തലക്ക് മുകളിൽ നിന്ന് കത്തുകയാണ്. ആകാശത്ത് പ്രതീക്ഷക്കു പോലും കാർമേഘമില്ല. പോളിംഗ് ബൂത്തിന്റെ നൂറുമീറ്റർ ചുറ്റളവിൽ പോസ്റ്ററുകളും ബാനറുകളുമൊന്നുമില്ലെങ്കിലും ബൂത്തിൽ നിന്ന് നോക്കിയാൽ കാണുന്നവിധം ഫ്ലെക്സുകൾ തല ഉയർത്തിനിൽക്കുന്നുണ്ട്. തുടർഭരണത്തിനായി ഒച്ചവെക്കുന്ന ഫ്ലെക്സുകളേയും ഭരണവിരുദ്ധവികാരമുണർത്തുന്ന ബോർഡുകളേയും മറികടന്ന് മുബാരിസിന്റെ കണ്ണുകൾ ചെന്നെത്തിയത് ഉബൈദ് മാസ്റ്ററുടെ അടുത്തേക്കാണ്. അവന്റെ എസ് ഐ ആർ ശരിപ്പെടുത്താനായി ഓടി നടന്ന ബി എൽ ഒ!

ഓടിച്ചെന്ന് ഉബൈദിക്കാക്ക് സലാം പറഞ്ഞുകൊണ്ട് മുബാരിസ് തന്റെ മഷി പുരണ്ട വിരൽ കാണിച്ച് സന്തോഷം അറിയിച്ചു. “എന്നാലും അവർ ഹൽവ തരാതെ എന്നെ പറ്റിച്ചു” “നീ എന്റെ വീട്ടിലേക്ക് വാ… വേണ്ടുവോളം ഹൽവ നിനക്ക് ഞാൻ തരാം” തമാശരൂപേണേ അദ്ദേഹം പ്രതികരിച്ചു. അപ്പോഴാണ് സജു അവിടേക്ക് എത്തിയത്. ചെറുപ്പം മുതലേ മുബാരിസിന്റെ അടുത്ത സുഹൃത്താണ് സജു. അങ്കണവാടിയിൽ നിന്ന് ഉപ്പുമാവ് വാങ്ങുന്ന കാലം മുതൽ ഇരുവരും ഒരുമിച്ചാണ്. ഹൽവ കിട്ടാത്ത വിഷമം പറയാൻ എത്തിയതാണ് അവനും. പതിവിന് വിപരീതമായി കരയുള്ള വെള്ള തുണിയും വെള്ള ഷർട്ടും ധരിച്ച സജുവിനോട് കാര്യം തിരക്കിയപ്പോഴാണ് വസ്ത്രത്തിന് പിന്നിലെ ലക്ഷ്യം മനസ്സിലായത്. വോട്ടുദിനത്തിൽ രാഷ്ട്രീയക്കാരനെന്ന് തോന്നിപ്പിക്കുന്നവിധം വെള്ളവസ്ത്രമിട്ടു വരുന്നവർക്ക് ചോറുണ്ടത്രേ...അതും അൺലിമിറ്റഡ്.

ഫലപ്രഖ്യാപനദിനവും ഇത് ആവർത്തിച്ചു. ബൈക്കിൽ ഫുൾ ടാങ്ക് പെട്രോളും ശരീരത്തിന്റെ എഞ്ചിൻ പ്രവർത്തനത്തിന് ഒരു ഷവർമയും അകത്താക്കി വിജയാഘോഷ പരിപാടികളിലായി അവർ മുഴുകി. പരിപാടികൾക്കെല്ലാം ശേഷം ചുരുട്ടിയ അഞ്ഞൂറ് രൂപ നോട്ട് നേതാവ് ഇരുവർക്കും നേരെ നീട്ടിയിട്ട് “മക്കൾ വല്ലതും കഴിച്ചിട്ട് വീട്ടിൽ പൊക്കോളു” എന്ന് പറഞ്ഞ നേരം മുബാരിസിനും സജുവിനും എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.

അന്ന് സൂര്യനസ്തമിച്ചു. ചന്ദ്രൻ മാനത്തു തിളങ്ങി നിന്നു. പക്ഷെ കേരളക്കരയിലെ ചിലർക്ക് അന്ന് രാത്രി ഉറക്കമില്ലായിരുന്നു. അധികാരത്തോടുള്ള ഭ്രമം അവരിലെ ഉറക്കത്തെ കൊന്നു. നേതാക്കന്മാരുടെ ചിന്തകൾ പലവിധേയനെയായിരുന്നു.“ആഭ്യന്തരം കിട്ടിയാൽ കാര്യങ്ങൾ എളുപ്പമാകും ”, “റവന്യൂ തന്നില്ലെങ്കിൽ വനം, രണ്ടാലൊന്നില്ലാതെ പറ്റത്തില്ല”,“ഒരു ഡോക്ടർ എന്ന നിലയിൽ ആരോഗ്യവകുപ്പിന് അനുയോജ്യൻ ഞാൻ തന്നെ....” ഘടികാരത്തിൽ സമയം വേഗത്തിൽ ചലിച്ചു.

കാലത്ത് പത്തിനാണ് പാർട്ടി മീറ്റിംഗ്. സീനിയർ നേതാക്കൾ വന്നതോടെ മീറ്റിങ്ങിനു തുടക്കമായി. തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കാഴ്ചവെച്ചതിന്റെ സന്തോഷം പ്രകടിപ്പിച്ച് മീറ്റിംഗ് ആരംഭിച്ചു. മീറ്റിങ്ങിന്റെ ഒഴുക്ക് മന്ത്രിസഭാ ചർച്ചകളിലേക്ക് നീണ്ടു. ചിലർക്ക് വേണ്ടത് കിട്ടി, ചിലർക്ക് ഒന്നും കിട്ടിയില്ല, മറ്റുചിലർ കിട്ടിയതിൽ തൃപ്തിപ്പെട്ടു. അവസാനം അനാഥമായിക്കിടക്കുന്ന മന്ത്രിസ്ഥാനമുണ്ടായിരുന്നു, “ഉന്നതവിദ്യാഭ്യാസം”. ആർക്കും അതിനോടൊരു ഭ്രമം തോന്നാത്തതിൽ കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എം എൽ എയെ അത്ഭുതപ്പെടുത്തി. “ആരും എന്താണ് ഉന്നതവിദ്യാഭ്യാസം ചോദിക്കാത്തത്, അത്ര മോശം വകുപ്പാണോ? അതോ ആ സ്ഥാനത്തിന് യോഗ്യരില്ലേ?" അദ്ദേഹം എഴുന്നേറ്റുനിന്ന് ചോദ്യമുയർത്തി. “ടാ ചെക്കാ, ഞങ്ങളുടെ യോഗ്യത അളക്കാൻ നീ ആയിട്ടില്ല, അടങ്ങി അവിടെ ഇരി, അല്ലേൽ താൻ വേണേൽ എടുത്തോ” പുച്ഛഭാവത്തിൽ മുതിർന്ന നേതാവ് തന്നോട് കയർത്തപ്പോൾ ആ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാമെന്ന് അയാൾ പറഞ്ഞു. ഒരു വാശിപ്പുറത്തുള്ള തീരുമാനമായിരുന്നെങ്കിലും അതൊരു ചരിത്രമായിത്തീർന്നു. കേരളത്തിന് ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി!

മുബാരിസും സജുവും ടെലിവിഷന് മുന്നിലാണ്. മന്ത്രിസഭാംഗങ്ങളുടെ പേര് വായിക്കുകയാണ്. “ആഭ്യന്തരം ശശികുമാർ... വനം നാരായണമേനോൻ.... വിദ്യാഭ്യാസം കരീം... ഉന്നത വിദ്യാഭ്യാസം ശ്രീജിത്ത്” “ശ്രീജിത്തോ? ആരാടാ ഇയാൾ, ചെറുപ്പക്കാനാണല്ലോ!” മുബാരിസ് സഞ്ജയോട് പറഞ്ഞു. അവൻ ഉടനെ ഫോൺ എടുത്ത് ഗൂഗിളിൽ പരതി. ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. അവരുടെ ചിന്താമണ്ഡലങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നതായിരുന്നില്ല അത്. കാലചക്രം വേഗത്തിൽ സഞ്ചരിച്ചു.

മന്ത്രിസഭ ആരംഭിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു. മന്ത്രിമാർ പത്രസമ്മേളനം നടത്തുകയാണ്. അവസാനം ഉന്നത വിദ്യാഭ്യാസ മന്ത്രിയിലേക്ക് മൈക്കുകൾ എത്തി. അദ്ദേഹം ഒരു ആരംഭം എന്ന രീതിയിൽ പറഞ്ഞു തുടങ്ങി. “വളരെ നല്ല രീതിയിൽ ഉന്നതവിദ്യാഭ്യാസത്തെ കൈകാര്യം ചെയ്യാൻ സാധിക്കുന്നതിൽ അഭിമാനമുണ്ട്, രാജ്യത്തിന്റെ നാളെകളെ സേവിക്കുന്നതിൽ ഞാൻ സന്തോഷം കണ്ടെത്തുന്നു…”

സംസാരം അവസാനിച്ച ഉടൻ സദസ്സിൽ നിന്ന് ഒരാൾ എണീറ്റുനിന്നു. ചോദ്യം ചോദിക്കാൻ ആംഗ്യം കാണിച്ചുകൊണ്ട് മന്ത്രി ശ്രീജിത്ത് സമീപത്ത് വെച്ചിരുന്ന ചൂടുവെള്ളം കുടിക്കാനായി ഗ്ലാസ് ചുണ്ടുകളോടടുപ്പിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ അപ്പോഴും ആ റിപ്പോർട്ടറിന് നേരെ ലാഘവത്തോടെ നോക്കുന്നുണ്ടായിരുന്നു. അയാൾ ചോദിച്ചു തുടങ്ങി "സർ, നാലുവർഷ ഡിഗ്രി സംവിധാനത്തിന്റെ അവസ്ഥ എന്താണ്? എന്ത് പഠിപ്പിക്കുന്നു, എന്ത് പഠിക്കുന്നു എന്ന് മനസ്സിലാകാതെ നെട്ടോട്ടമോടുന്ന വിദ്യാർഥികളും അധ്യാപകരും, ഒരു ബന്ധവുമില്ലാത്ത സിലബസുകൾ കുട്ടികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. കേരള സർവകലാശാലയിൽ ഈ ഡിഗ്രി സംവിധാനം തന്നെ അവതാളത്തിലായിരിക്കുന്നു! കുട്ടികൾക്ക് ഭയമാണ് സർ. സുരക്ഷിതമല്ലാത്ത വിദ്യാർഥി ജീവിതത്തിൽ അക്കാദമികപരമായി ഉന്നമനത്തിനുള്ള സാധ്യതകൾ മങ്ങി നിൽക്കുന്നു. ക്യാമ്പസിനകത്ത് ഗുണ്ടാവിളയാട്ടമാണ്. താങ്കളുടെ അടക്കമുള്ള രാഷ്ട്രീയപാർട്ടിയടക്കം പല രാഷ്ട്രീയ പാർട്ടികളും പഠനം മുടക്കുന്നു. സർ, അധ്യാപകർ ജാതിപറയുന്ന കോളേജുകളിൽ ഇന്ന് കേരളത്തിലുണ്ട്. അത് കാരണം ആ വിദ്യാർഥി ആത്മഹത്യ ചെയ്യുമ്പോൾ മാതാപിതാക്കൾക്ക് നഷ്ടമായത് തന്റെ മകനെയാണ്. ബാത്റൂമിൽ വെച്ച് സഹപാഠികളുടെ മർദ്ദനത്തിൽ ഒരു വിദ്യാർഥി കൊല്ലപ്പെടുമ്പോൾ, കലാലയങ്ങളിൽ ആത്മഹത്യകൾ വളരുമ്പോൾ, വിദേശരാജ്യങ്ങളിലേക്ക് നല്ല വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ വിമാനം കയറുമ്പോൾ, അവതാളത്തിലാവുന്ന സിലബസ്സും കെട്ടിപ്പിടിച്ച് എങ്ങനെയാണ് താങ്കൾക്ക് പറയാനാകുന്നത് നല്ല രീതിയിൽ ഉന്നത വിദ്യാഭ്യാസം കൈകാര്യം ചെയ്യാൻ സാധിച്ചു എന്ന് ?”

അവൻ തന്റെ ചോദ്യം അവസാനിപ്പിച്ചു . ഹാൾ മുഴുവൻ നിശബ്ദമായിരുന്നു. മുബാരിസും മറുപടി കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. ഇന്റേൺഷിപ്പിന് നൽകാൻ പണമില്ലാത്തതിനാൽ ദിവസങ്ങളായി വീട്ടിൽ ഇരിക്കുകയാണ് അവൻ. “എന്താ മോന്റെ പേര്?” മന്ത്രി റിപ്പോർട്ടറുടെ പേര് തിരക്കി. അവന്റെ ഐഡി കാർഡിൽ ഉള്ള നാമം അവൻ ഉറക്കെ പറഞ്ഞു “സജു” “എത്ര വർഷമായി മോൻ ജോലിക്ക് കയറിയിട്ട്?” മന്ത്രി വീണ്ടും അന്വേഷിച്ചു. “ഞാൻ ജേണലിസം രണ്ടാം വർഷം വിദ്യാർഥിയാണ് ,താങ്കൾ കൊണ്ടുവന്ന നാലുവർഷം ഡിഗ്രിസംവിധാനത്തിന്റെ രക്തസാക്ഷി. ഇന്റേൺഷിപ്പ് എന്ന പേരിൽ ആയിരങ്ങൾ ന്യൂസ് ചാനലിൽ കെട്ടിവച്ചാണ് ഈ പരിപാടിക്ക് ഇറങ്ങിയത്. ഉത്തരം പറയാൻ താങ്കൾ ബാധ്യസ്ഥനാണ് സർ. ഇത് വിദ്യാർഥികളുടെ ചോദ്യമാണ്.”

ആ ഹാൾ മുഴുവൻ മന്ത്രിയെയും സജുവിയെയും മാറിമാറി നോക്കി. “മോനെ സജു, പരിഹാരം ഉണ്ടാക്കാം” അതും പറഞ്ഞു മറ്റൊരു ചോദ്യത്തിന് കാത്തുനിൽക്കാതെ മന്ത്രി പടിയിറങ്ങി. മന്ത്രിയെ ഉത്തരം മുട്ടിച്ച ആ ചോദ്യം അവിടെ ബാക്കിയായി നിൽക്കുന്നുണ്ടായിരുന്നു. അവന്റെ ചോദ്യം ഓരോ വിദ്യാർഥികളുടെയും മനസ്സിൽ അപ്പോഴേക്കും തുളച്ചുകയറിയിരുന്നു.

---------------

“എന്നാലും നിനക്ക് എങ്ങനെ ധൈര്യം വന്നെടാ മന്ത്രിയോട് അങ്ങനെയൊക്കെ ചോദിക്കാൻ?” സായാഹ്നത്തിൽ ചായ മോന്തും നേരം മുബാരിസ് സജുവിനോട് തിരക്കി. “എടാ മുബാരിസെ.. നമ്മൾ വോട്ട് ചെയ്തത് കേവലം ഹൽവ കിട്ടാനല്ലല്ലോ, ജനപ്രതിനിധിയെ തെരഞ്ഞെടുക്കാനാണേലും അവർ നമുക്കുവേണ്ടി പ്രവർത്തിച്ചില്ലേൽ നമ്മൾ പ്രതികരിക്കണം.”

ബില്ല് കൊടുക്കാൻ നേരം സമീപത്തെ ടേബിളിലെ പത്ര കട്ടിംഗ് മുബാരിസിന്റെ കണ്ണിൽ കുരുങ്ങി . “എന്തിനിങ്ങനെ ഒരു ഉന്നതവിദ്യാഭ്യാസ മന്ത്രി? വൈറലായി യുവാവ്”