ഉന്നതവിദ്യാഭ്യാസം: കേരളത്തിന്റെ വർത്തമാനം, ഭാവി
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിലവിലെ വെല്ലുവിളികൾ, ഘടനാപരമായ പരിഷ്കാരങ്ങൾ, ഭാവി സാധ്യതകൾ എന്നിവയുടെ വിശകലനം.

"കേരള അസാധാരണത്വം” (Kerala exceptionalism) അക്കാദമികപഠനങ്ങളിൽ ഉപയോഗിക്കുന്ന ഒരു പരിപ്രേക്ഷ്യമാണ്. സാമ്പത്തികവികസനസൂചികകളിൽ പിന്നിൽ നിൽക്കുമ്പോഴും സാമൂഹിക-മാനവികവികസനത്തിൽ നേടിയെടുത്ത പുരോഗതി, സാമൂഹികവൈവിധ്യങ്ങൾക്കിടയിലും നിലനിർത്തിവരുന്ന സഖ്യരാഷ്ട്രീയസ്ഥിരത, ഭേദപ്പെട്ട മത-സാമുദായികസഹവർത്തിത്വം തുടങ്ങി, “കേരള മോഡൽ” എന്ന് പ്രസിദ്ധിയാർജിച്ച ഈ പരിപ്രേക്ഷ്യം കേരളത്തിന്റെ സ്വത്വനിർമ്മിതിയിൽ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ, "അസാധാരണ കേരള"ത്തിന് അപവാദമാണ് നിലവിലെ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗം. സമ്പൂർണസാക്ഷരതയും മികച്ച അടിസ്ഥാന-പൊതു വിദ്യാഭ്യാസസംവിധാനവും ഉറപ്പുവരുത്തിയിട്ടും ഉന്നതവിദ്യാഭ്യാസമേഖലയിൽ തൃപ്തികരമായ പുരോഗതി കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ല. ഭേദപ്പെട്ട ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾ വിദേശരാജ്യങ്ങളിലേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ വിദ്യാഭ്യാസകുടിയേറ്റം നടത്തുന്നതാണ് നിലവിലെ പ്രവണത. 2025-ലെ എൻ ഐ ആർ എഫ് (NIRF) റാങ്കിംഗിൽ സർവകലാശാല വിഭാഗത്തിൽ ആദ്യ മുപ്പത് സ്ഥാനങ്ങളിൽ കേരളത്തിലെ ഒരു സർവ്വകലാശാലയും ഇടംപിടിച്ചിട്ടില്ല. കുസാറ്റ് (32), എം ജി യൂണിവേഴ്‌സിറ്റി (43) എന്നീ രണ്ട് സർവ്വകലാശാലകളാണ് ആദ്യ അമ്പത് സ്ഥാനങ്ങളിലുള്ളത്.
അടിസ്ഥാനവിദ്യാഭ്യാസരംഗത്ത് ശക്തമായ ഒരു അടിത്തറ സ്ഥാപിക്കാൻ കേരളത്തിന് സാധിച്ചുവെന്നത് വസ്തുതയാണ്. ചരിത്രപരമായ സാമൂഹികപരിഷ്കാരങ്ങൾ, ജനകീയ-രാഷ്ട്രീയ ഇടപെടലുകൾ, സംസ്ഥാനത്തിന്റെ തുടർച്ചയായ പൊതുനിക്ഷേപം, സൗജന്യവും സർവസാധാരണവുമായ വിദ്യാഭ്യാസനയം, ഉച്ചഭക്ഷണ വിതരണം പോലെയുള്ള ക്ഷേമപദ്ധതികൾ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം തുടങ്ങി അനേകം ഘടകങ്ങൾ അതിന് സഹായകമായിട്ടുണ്ട്. എന്തുകൊണ്ടാണ് ഈയൊരു നേട്ടങ്ങളെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ കേരളത്തിന് കഴിയാതെ പോകുന്നത്? ഉത്തരം ലളിതമല്ല. സമ്പൂർണസാക്ഷരതയും അടിസ്ഥാനവിദ്യാഭ്യാസവും നടപ്പിലാക്കുന്ന വേഗതയിൽ അവ നടപ്പിലാക്കാൻ കഴിയണമെന്നില്ല. നിലവിലെ സംവിധാനങ്ങളുടെ പരിമിതികളെ മൗലികമായി മനസ്സിലാക്കി, അതിനുള്ള പരിഹാരങ്ങൾ കൂടുതൽ കാര്യക്ഷമമായും കൃത്യമായ രാഷ്ട്രീയ ഇച്ഛാശക്തിയോടെയും നടപ്പിലാക്കുമ്പോൾ മാത്രമേ അത് സാധ്യമാവുകയുള്ളൂ.
ഘടനാപരമായ മാറ്റങ്ങൾ അനിവാര്യം
വിദ്യാഭ്യാസമേഖലയിലെ പരിഷ്കരണങ്ങൾ പൊതുവെ ഉപരിപ്ലവമായ മാറ്റങ്ങളിൽ ഒതുങ്ങാറാണ് പതിവ്. താൽക്കാലികമായ പരിഹാരങ്ങൾ കൊണ്ടുവരാൻ അത്തരം പരിഷ്കരണങ്ങൾക്ക് സാധിച്ചേക്കാം. ദീർഘകാലാടിസ്ഥാനത്തിലുള്ള ഫലങ്ങൾക്ക് മൗലികമായി ഒരു വ്യവസ്ഥിതിയുടെ ഘടനയിൽ (structure) തന്നെ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. അതാവട്ടെ, ഏറെ അധ്വാനവും കാലതാമസവുമുള്ള ഒരു പ്രക്രിയയാണ്. സാമൂഹികവും സാമ്പത്തികവും രാഷ്രീയവും സാംസ്കാരികവുമായ നിരവധി വിഷയങ്ങളാൽ പരസ്പരബന്ധിതവുമാണ്. അഥവാ, കേവലം വിദ്യാഭ്യാസനയം കൊണ്ടുമാത്രം മാറ്റങ്ങൾ പ്രകടമാവില്ലെന്നർഥം.
കാലാനുസൃതമായ മാറ്റങ്ങൾ നമ്മുടെ വിദ്യാഭ്യാസസംവിധാനത്തിൽ നടപ്പിലാക്കപ്പെടേണ്ടതുണ്ട്. പരീക്ഷാകേന്ദ്രിത കരിക്കുലവും അധ്യാപകകേന്ദ്രിത ബോധനശാസ്ത്രവുമാണ് (Pedagogy) കാലങ്ങളായി നമ്മുടെ വിദ്യാഭ്യാസരംഗം തുടർന്ന് പോരുന്നത്. തുടർച്ചയായി നടത്തപ്പെടുന്ന പരീക്ഷകൾ മനഃപാഠമാക്കലിന് (rote learning) കൂടുതൽ പ്രാധാന്യം കൊടുക്കുമ്പോൾ വിശകലന-വിമർശനാത്മക പഠനരീതി അന്യമാകുന്നു. തൽഫലമായി, ഉയർന്ന കോഴ്സുകൾ പൂർത്തിയാക്കുന്ന വിദ്യാർഥികളിൽ പോലും വിമർശനചിന്ത നൈപുണ്യം (Critical Thinking Ability) വികാസം പ്രാപിക്കാതെ പോകുന്നു. അനേകം ബിരുദധാരികളെ ഉൽപാദിപ്പിക്കുക എന്നതിൽ കാര്യങ്ങൾ അവസാനിക്കുന്നു. സ്കൂൾ വിദ്യാഭ്യാസരംഗത്ത് തുടരുന്ന അതേ പഠന-അധ്യാപന രീതിയാണ് പലപ്പോഴും സർവകലാശാലകളിലും തുടരുന്നത്. ഇത് പ്രധാനമായും ബാധിക്കുന്നത് വിദ്യാർഥികളിലെ ഗവേഷണനൈപുണ്യങ്ങളെയാണ്.
വിദ്യാർഥികൾക്ക് തങ്ങളുടെ അഭിരുചികൾക്ക് അനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാനുള്ള അവസരങ്ങൾ വളരെ പരിമിതമാണ്. കൂടാതെ, കാലഹരണപ്പെട്ട സിലബസും കോഴ്സുകളിലെ അയവില്ലായ്മയും (Absence of Flexibility) പ്രധാന ന്യൂനതയായി തുടരുന്നു. 2020-ലെ ദേശീയവിദ്യാഭ്യാസനയം ഫ്ലെക്സിബിലിറ്റിക്കായുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും നിലവിലെ വിഭവസമ്പത്ത് (Resource) കണക്കിലെടുക്കുമ്പോൾ അത് എളുപ്പം നടപ്പിലാക്കുക സാധ്യമല്ല. ഫാക്കൽറ്റി നിയമനങ്ങൾ മുതൽ പുതിയ ഡിപ്പാർട്ട്മെന്റുകൾ സൃഷ്ടിക്കുന്നത് വരെയുള്ള, സാമ്പത്തിക ബാധ്യതയുള്ള നിർണായക ഇടപെടലുകൾ ആവശ്യപ്പെടുന്നതിനാൽ അത്തരം നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ സ്റ്റേറ്റിന്റെ നിസംഗത പ്രകടമാകും.
ഉൽപാദനരംഗം (Industry) ആവശ്യപ്പെടുന്നത് പ്രായോഗികകഴിവുകളും തത്സമയ പരിഹാരശേഷിയുമാണ്; പക്ഷേ നിലവിലെ അക്കാദമിക് പാഠ്യപദ്ധതി പലപ്പോഴും യാഥാർഥ്യത്തിൽ നിന്ന് അകന്ന് സിദ്ധാന്തപരമായ അറിവിൽ കേന്ദ്രീകരിക്കപ്പെട്ടവയാണ്. തൊഴിൽവിപണിയുടെ യഥാർഥ ആവശ്യങ്ങളോട് പൊരുത്തപ്പെടാത്ത ഈയൊരു സാഹചര്യം അക്കാദമി-ഇൻഡസ്ട്രി വിടവ് വർദ്ധിപ്പിക്കുന്നു. തൊഴിൽസാധ്യത (employability) മുൻനിർത്തിയുള്ള ഒരു വിദ്യാഭാസപരിസരമാണ് നമ്മുടേതെന്നിരിക്കെ ഒരു വിദ്യാർഥി സ്വഭാവികമായും ആലോചിക്കുന്നത് പരമ്പരാഗതകോഴ്സുകൾ പഠിച്ചത് കൊണ്ടുള്ള നേട്ടങ്ങളെ കുറിച്ചാകും. തൊഴിലില്ലായ്മ ഒരു യാഥാർഥ്യം കൂടിയാകുമ്പോൾ ഗണ്യമായ വിദ്യാർഥി കുടിയേറ്റത്തിലേക്കാണ് ഇത് വഴിതുറക്കുക.
കോവിഡാനന്തര കേരളത്തിൽ വിദ്യാർഥി കുടിയേറ്റം ത്വരിതഗതിയിൽ വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2023-ലെ കേരള മൈഗ്രേഷൻ സർവ്വേ പ്രകാരം വിദ്യാർഥി കുടിയേറ്റം 2018-ൽ 1.2 ലക്ഷം ആയിരുന്നെങ്കിൽ 2023-ൽ 2.5 ലക്ഷമായി വർധിച്ചു. വിദ്യാർഥി കുടിയേറ്റങ്ങൾക്ക് പലവിധ കാരണങ്ങൾ ഉണ്ടെങ്കിലും കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരവും തൊഴിൽസാധ്യതയും ഏറ്റവും പ്രധാനപ്പെട്ട ഘടകമാകും എന്നത് അവിതർക്കമാണ്. വിദേശരാജ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി കുടിയേറുന്നവരിൽ വലിയ പങ്കും ആ രാജ്യങ്ങളിൽ തന്നെ ജോലി ചെയ്യാൻ താൽപര്യപ്പെടുന്നതായാണ് പഠനങ്ങൾ പറയുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ ഇത് ബ്രെയിൻ ഡ്രെയിൻ എന്ന പ്രവണതയിലേക്കാണ് നയിക്കുന്നത്.
സർവ്വകലാശാല സംസ്കാരങ്ങൾ
ഒരു യൂണിവേഴ്സിറ്റി മികച്ചതാവുന്നത് അതിന്റെ അടിസ്ഥാനസൗകര്യങ്ങൾ ലോകോത്തരമാകുന്നത് കൊണ്ടല്ല; മറിച്ച്, അത് മുന്നോട്ടുവെക്കുന്ന അക്കാദമിക് സംസ്കാരം കൊണ്ടാണ്. നൂതനമായ ആശയങ്ങൾ സംവേദനം ചെയ്യപ്പെടുന്ന, നിരന്തരമായ ഗവേഷണങ്ങൾ ഉൽപാദിപ്പിക്കപ്പെടുന്ന, ക്രിയാത്മകയായ (വിമർശനാത്മകമായ) അധ്യാപക-വിദ്യാർഥി ബന്ധങ്ങൾ നിലനിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം സ്വാഭാവികമായും മികവ് പുലർത്തും. ഇന്ത്യയിലെ മികച്ച സർവകലാശാലകളെ പരിശോധിച്ചാൽ ഇത്തരം സവിശേഷതകൾ കാണാൻ കഴിയും. കേരളീയപശ്ചാത്തലത്തിൽ അനിവാര്യമായും ശക്തിപ്പെടുത്തേണ്ട ഒരു കാര്യമാണിത്. പ്രൊമോഷനുകൾക്ക് വേണ്ടി മാത്രമായി ഗവേഷണങ്ങൾ ഒതുങ്ങാതെ നിരന്തരമായ അറിവുൽപാദന സംസ്കാരം രൂപപ്പെടുക എന്നത് പ്രധാനമാണ്. ഫാക്കൽറ്റികളുടെ ഗവേഷണങ്ങൾ യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ ഉൾപ്പെടെ നിർണായകഘടകമാണ്. വിദ്യാർഥിരാഷ്ട്രീയം കേവലം കക്ഷിരാഷ്ട്രീയത്തിന്റെ പ്രതിനിധാനമായി മനസ്സിലാക്കപ്പെടുന്ന സാഹചര്യത്തിൽ നിന്നും സംവാദാത്മക ഇടങ്ങളായി പരിവർത്തിക്കപ്പെടേണ്ടതുണ്ട്. ഊർജസ്വലമായ അക്കാദമിക് സംസ്കാരം രൂപപ്പെടുത്തുന്നതിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും നിർണായകമായ പങ്കുണ്ട്.
സ്വകാര്യസർവകലാശാലകളുടെ കടന്നുവരവ്
കേരളത്തിൽ സ്വകാര്യസർവകശാലകൾ അനുവദിക്കുന്ന കേരള പ്രൈവറ്റ് യൂണിവേഴ്സിറ്റീസ് ബിൽ 2025 ഫെബ്രുവരിയിൽ മന്ത്രിസഭ പാസാക്കുകയുണ്ടായി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിൽ ക്രിയാത്മകമായ മത്സരക്ഷമത വർധിപ്പിക്കാൻ സ്വകാര്യസർവ്വകലാശാലകളുടെ വരവ് ഒരു പരിധി വരെ സഹായകമാവും. വിദ്യാർഥികളെ സംബന്ധിച്ച് കോഴ്സുകളുടെ തെരഞ്ഞെടുപ്പിൽ കൂടുതൽ അവസരം സൃഷ്ടിക്കപ്പെടും. ഇന്ത്യയിൽ ഇന്റർ-ഡിസിപ്ലിനറി കോഴ്സുകളും ന്യൂജൻ കോഴ്‌സുകളും കൂടുതൽ ലഭ്യമാകുന്നത് പ്രൈവറ്റ് യൂണിവേഴ്സിറ്റികളിലാണ്. പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളോടും സെൻട്രൽ യൂണിവേഴ്സിറ്റികളോടും കിടപിടിക്കുന്ന തരത്തിൽ, കഴിവുറ്റ ഫാക്കൽറ്റികളെ നിയമിച്ചും വിദ്യാർഥികൾക്ക് പൂർണ സ്കോളർഷിപ്പുകൾ നൽകിയും ഒരു മത്സരാധിഷ്ഠിത വിദ്യാഭ്യാസപരിതഃസ്ഥിതി രൂപപ്പെടുത്തിയെടുക്കാൻ ഈ പ്രവണത കാരണമായിട്ടുണ്ട്. അതേസമയം, പൊതുസർവകലാശാലകളുടെ നിലവാരം ഉയർത്തുകയെന്ന ദൗത്യം ആത്യന്തികമായി ഭരണകൂടത്തിൽ നിക്ഷിപ്തമാണ്. നിയോ ലിബറൽ-കോർപ്പറേറ്റ് താൽപര്യങ്ങളാലും രാഷ്ട്രീയകാരണങ്ങളാലും സ്റ്റേറ്റ് തന്നെ പൊതു സർവകലാശാലകളെ ‘ആക്രമിക്കുന്ന’ സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന്, ജെ എൻ യു പോലെയുള്ള കേന്ദ്രസർവകലാശാലകളെ ഭരണകൂടം നിയന്ത്രിക്കുന്നത് ക്രമാതീതമായി ഫണ്ട് വെട്ടിക്കുറച്ചാണ്. സാമൂഹ്യക്ഷേമാധിഷ്ഠിതമായ കേരളീയ സാമൂഹിക-രാഷ്ട്രീയപരിസരത്ത് അത്തരം പ്രവണതകളെ തടയാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഭരണകൂടത്തിന് ഉണ്ടാവുക എന്നതാണ് പ്രധാനം. സാമൂഹികനീതി ഉറപ്പുവരുത്തുന്ന തരത്തിൽ സ്വകാര്യസർവകലാശാലകളെ നിയന്ത്രിക്കാനുള്ള ഇടപെടലുകൾ സ്റ്റേറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണം.
ശ്യാം ബി മേനോൻ കമ്മീഷൻ നിർദ്ദേശങ്ങൾ
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ പരിഷ്കരണങ്ങളെ കുറിച്ച് പഠിക്കാൻ 2022-ൽ സർക്കാർ ശ്യാം ബി മേനോൻ കമ്മീഷനെ നിയമിച്ചിരുന്നു. കേരളത്തെ ജനകേന്ദ്രിത ജ്ഞാനസമൂഹമായി (people-centred knowledge society) ഉയർത്തിക്കൊണ്ടു വരിക എന്നതാണ് ആത്യന്തികലക്ഷ്യമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഘടനാപരമായ മാറ്റങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നിരവധി നിർദേശങ്ങൾ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തിലെ പ്രാദേശിക അസമത്വം പരിഹരിക്കുക, കോഴ്‌സുകൾ രൂപപ്പെടുത്തുന്നതിൽ ഫാക്കൽറ്റികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുക, ഫാക്കൽറ്റി നിയമനത്തിലെ ചൂഷണം തടയുക, പുതിയ ഓഡിറ്റിംഗ് സംവിധാനം നടപ്പിലാക്കുക, കൃത്യമായ ഇടവേളകളിൽ സിലബസ് പരിഷ്‌കരണം നടപ്പിലാക്കുക, പുതിയ റിസർച്ച് ഫെല്ലോഷിപ്പുകൾ അവതരിപ്പിക്കുക, ഭാഷാ-ശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളിലെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കുക തുടങ്ങി ചെറുതും വലുതുമായ അനേകം നിർദേശങ്ങൾ റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു. റിപ്പോർട്ട് സമർപ്പിച്ച് നാലുവർഷം പിന്നിടുമ്പോൾ അവയിൽ എത്ര നിർദേശങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ നടപ്പിലാക്കപ്പെട്ടു എന്നത് അന്വേഷണവിധേയമാകേണ്ടതുണ്ട്. നിർണായകമായ പല ആശയങ്ങളും കടലാസിൽ ഒതുങ്ങിപോകുന്നതാണ് പൊതുവിലെ പ്രവണത.
വിദ്യാഭ്യാസപരിഷ്കാരങ്ങൾ ചെറുകാല പദ്ധതിയല്ല, അത് ദീർഘകാലത്തേക്കുള്ള ഒരു തന്ത്രപരമായ നിക്ഷേപമാണ്. അതിന്റെ ഫലങ്ങൾ പെട്ടെന്ന് പ്രകടമാകില്ല. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമൂലമായ പരിവർത്തനം അത്യന്താപേക്ഷിതമാണ്. സാമ്പ്രദായിക വിദ്യാഭ്യാസപദ്ധതികളുടെ പരിമിതികളെ ദീർഘദൃഷ്ടിയിലുള്ള നയരൂപീകരണം കൊണ്ടും ഘടനാപരവും സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങളെ കൃത്യമായി നടപ്പിലാക്കികൊണ്ടും നേടിയെടുക്കാവുന്ന ഒരു വിശാല പ്രോജക്ടാണത്. വിദ്യാഭ്യാസകേരളത്തിന്റെ ഒരു പാരഡൈം ഷിഫ്റ്റ് പുതിയകാലം ആവശ്യപ്പെടുന്നുണ്ട്.