arrow_backBack to Journal

സിലബസ്സ് എന്ന ബസ്സ്

പരീക്ഷ, ഗ്രേഡ്, കരിയർ എന്നിവയ്ക്കപ്പുറം വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് ചോദ്യം ചെയ്യുന്ന ചിന്തോദ്ദീപക ലേഖനം.

By Julian SorelPublished in The Conscious Campus
സിലബസ്സ് എന്ന ബസ്സ്

നാളെ സെമസ്റ്റർ പരീക്ഷയാണ്. പഠിച്ചുതീർക്കാൻ ഒരു കുന്നവിടെ കിടക്കുന്നുണ്ട്. അവസാനത്തെ രണ്ടു മൊഡ്യൂളുകൾ! ദൈവമേ! അതു വായിച്ചുപോലും നോക്കിയിട്ടില്ല. എന്തുചെയ്യും? ഒന്നും ചെയ്യാനില്ല. എങ്ങനെയെങ്കിലും കവർ ചെയ്യുക തന്നെ. മാരത്തോൺ പഠനത്തിനു സമയമായി.

അങ്ങനെ നിങ്ങൾ പരീക്ഷ എഴുതി. തലേന്നും അന്നു രാവിലെയുമായി കെട്ടിനിറച്ച ബണ്ട് മൂന്നുമണിക്കൂർ കൊണ്ട് തുറന്നു വിട്ടു കാലിയാക്കി. മലവെള്ളപ്പാച്ചിലിൽ ഒടിഞ്ഞും ചതഞ്ഞും അവശരായ ആശയങ്ങൾ നിങ്ങളുടെ ഉത്തരക്കടലാസിൽ ദുരിതാശ്വാസക്യാമ്പിൽ എന്നപോലെ തിങ്ങിയിരിപ്പുണ്ട്. കാര്യം സാധിച്ച ആളുടെ ആശ്വാസത്തോടെ നിങ്ങൾ ഹാളിനു പുറത്തിറങ്ങി. റിസൾട്ടുവരുന്ന ദിവസം ഓർക്കുമ്പോൾ വയറ്റിൽ ഒരു കാളൽ.

രജിസ്റ്റർ നമ്പറിനു നേരെ പ്രതീക്ഷയോടെ കണ്ണുകൾ പാഞ്ഞു. പാസായിട്ടുണ്ട്; സപ്ലിയില്ല, എ ഗ്രേഡുണ്ട്; കുഴപ്പമില്ല, എ പ്ലസാണ്; ഛെ! ഔട്ട്സ്റ്റാൻഡിങ്ങ് മിസ്സായി, അയ്ശ്! തോറ്റല്ലോ; ഇടങ്ങേറു തന്നെ.. ഇങ്ങനെ പല വികാരങ്ങൾ നിങ്ങൾക്കുള്ളിലൂടെ പാഞ്ഞു. പരീക്ഷ കഴിഞ്ഞു: റിസൾട്ടും വന്നു; പക്ഷേ, ഒരു ചോദ്യം കൂടിയുണ്ട്! നിങ്ങളിൽ പലരും ആ ചോദ്യത്തെ ശ്രദ്ധിച്ചുകാണില്ല. റിസൾട്ടു വന്നുകഴിഞ്ഞ സെമസ്റ്റർ കാലത്ത്, നിങ്ങൾ എന്തു നേടി? നിങ്ങളുടെ ഗ്രേഡു വിളിച്ചുപറയാൻ വരട്ടെ! അതുമാത്രമേ നിങ്ങൾക്കു പറയാനുള്ളൂ എങ്കിൽ, നിങ്ങൾക്കു കിട്ടിയത് ‘O' ഗ്രേഡ് ആണെങ്കിലും വേണ്ടില്ല, അതിൻ്റെ തലയും കാലും വലിച്ചു ഞാൻ പൂജ്യമാക്കും. അമ്പട!

നിങ്ങളുടെ സ്വപ്നങ്ങളെന്താണെന്നു ഞാൻ ചോദിക്കുന്നില്ല. ചോദിച്ചാലും ഇല്ലെങ്കിലും, ഈ പഠനം കൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും ഒരു ലക്ഷ്യം ഉണ്ടാകുമെന്ന് എനിക്കറിയാം. ഉയർന്ന കമ്പനിയിൽ/സ്ഥാപനത്തിൽ ഒരു നിയമനം, ആകർഷിപ്പിക്കുന്ന സാലറി പാക്കേജ്, അസൂയപ്പെടുത്തുന്ന സോഷ്യൽ സ്റ്റാറ്റസ്, അതിശയിപ്പിക്കുന്ന പാണ്ഡിത്യം, ജോളി ലൈഫ്.. ആഹാ! നല്ല ഗുമ്മുള്ള ലക്ഷ്യങ്ങൾ! ചിലപ്പോൾ നിങ്ങൾ പറയും: ഏയ് തന്തവൈബുകാരാ! നിങ്ങൾക്കിനിയും വെളിച്ചം വച്ചില്ലേ? ആരാ ഇവിടെ പഠിക്കാൻ വരുന്നത്? ജസ്റ്റ് എൻജോയ്മെൻ്റ്. ക്ലാസും പരീക്ഷയും അതിൻ്റെ വഴിക്കു നടക്കും. നമ്മൾ നമ്മളുടെ വഴിക്കും. പൊട്ടിപ്പോയ പട്ടത്തിൻ്റെ ഉപമയൊന്നും പറഞ്ഞു വരേണ്ട! ഞങ്ങൾ കാറ്റിനെ ചങ്ങാതിയാക്കി അങ്ങനെ ഒഴുകിനടക്കട്ടെ. സപ്ലിയില്ലാതെ രക്ഷപെട്ടാ മതി. പവറേഷ്!

ശരി. ഇനി ഞാൻ അല്പം പറയട്ടെ. നിങ്ങളീ കോഴ്സു കഴിഞ്ഞു; തുടർപഠനം ഉണ്ടെങ്കിൽ അതും. എന്നിട്ടൊരു ജോലി കിട്ടി. കിനാവുകണ്ട ജോലി തന്നെ. എല്ലാവർക്കും നിങ്ങളോട് ആദരവ്. ജോളിയടിച്ച് അങ്ങനെ നടക്കുന്നു. കാറു വാങ്ങി, വീടു വച്ചു, പരുന്തിനു പോലും മറക്കാനാകാത്തത്ര ഉയരത്തിൽ അക്കൗണ്ട് ബാലൻസ് വളരുന്നു. എല്ലാമായോ? ഇല്ല! തീരാത്ത മോഹങ്ങൾക്കു പിന്നാലെ അപ്പോഴും ഓട്ടമാണ്. ഒരു ദിവസം, നിങ്ങളോട് ഉള്ളിൽ നിന്നൊരാൾ ചോദിക്കും: ഓടിയോടി നിങ്ങൾ എവിടെയെത്തി എന്ന്.

പ്രിയ സുഹൃത്തേ, നമ്മളിങ്ങനെ എന്തിനാണു പഠിക്കുന്നത്? ഒരു നല്ല തൊഴിലാളിയാവാണോ ഒരു നല്ല മനുഷ്യനാവാനോ? വിദ്യാഭ്യാസത്തിലൂടെ മനസ്സിലേക്കു മൂല്യങ്ങളെ സന്നിവേശിപ്പിക്കാൻ നമുക്കു സാധിച്ചില്ലെങ്കിൽ, നമ്മുടെ സർട്ടിഫിക്കറ്റുകൾക്ക് വെറുമൊരു കടലാസിൽക്കവിഞ്ഞ മൂല്യമില്ല. നമ്മുടെ സിലബസ്സുകൾ ശരിക്കുമുള്ള ബസ്സുകളെപ്പോലെയാണ്. നിർത്തിയിട്ട ബസ്സുകൊണ്ട് യാതൊരു പ്രയോജനവുമില്ല; തുരുമ്പിനു കാട്ടുവള്ളിപോലെ പടരാമെന്നല്ലാതെ. ബസ്സ് യാത്ര ചെയ്യാനുള്ളതാണ്. സിലബസ്സിൽക്കയറി നിങ്ങൾ യാത്ര ചെയ്യണം. ചിലപ്പോൾ നിങ്ങൾ ഡ്രൈവു ചെയ്യേണ്ടിയും വരും. അതൊരു വാഹനം മാത്രമാണ്. മാർഗമാണ്; ലക്ഷ്യം അതല്ല. അതു സിലബസ്സിനപ്പുറമുള്ള വിതാനങ്ങളാണ്. അതിലെ മൊഡ്യൂളുകൾ എണ്ണിയാലും തീരാത്തത്ര. ഉദാഹരണത്തിനു ചിലതുമാത്രം പറയാം: സത്യസന്ധത, വിനയം, സഹാനുഭൂതി, കരുണ, സഹിഷ്ണുത, നീതി, സമത്വബോധം.. അതങ്ങനെ നീണ്ടുപോകും. അവയാണു പ്രധാനപ്പെട്ട പാഠങ്ങൾ. അതുകൊണ്ടാണ് “സ്കൂളിൽനിന്ന് പഠിച്ചതെല്ലാം ഒരാൾ മറന്നുപോയാലും, അയാളിൽ ബാക്കിയാകുന്നത് എന്താണോ അതാണ് വിദ്യാഭ്യാസം” എന്ന് ആൽബർട്ട് ഐൻസ്റ്റീൻ Out of my later years(1950) എന്ന ഗ്രന്ഥത്തിലൂടെ ഉണർത്തിയത്. ‘കുട്ടിയാവട്ടെ മുതിർന്നവനാവട്ടെ, അവരുടെ ശരീരം, മനസ്സ്, ആത്മാവ് എന്നിവയിലുള്ള ഏറ്റവും മികച്ചതിനെ അടിമുടി പുറത്തെടുക്കുന്നതിനെയാണ്’ ഗാന്ധിജി വിദ്യാഭ്യാസം കൊണ്ട് അർഥമാക്കിയത്. ഓരോ വ്യക്തിയിലും നിലീനമായിരിക്കുന്ന കഴിവിനെ തൊട്ടുണർത്തി പുറത്തുകൊണ്ടുവരികയാണ് വേണ്ടതെന്ന് ഗാന്ധിജി വിശ്വസിച്ചു. നമ്മുടെ ആത്മാവും മനസ്സും ശരീരവും വിദ്യാഭ്യാസത്തിലൂടെ വേറെ ലെവലാകണമെന്നു സാരം!

ചിലർ ചോദിക്കും; സിലബസ്സിലുള്ള പാഠങ്ങൾ മാത്രം പഠിച്ചാൽ എന്തു സംഭവിക്കുമെന്ന്. ആദ്യമേ പറയട്ടെ. ഇതൊരു സാമാന്യവൽക്കരണമാണ് (Generalization). സിലബസുകൾ പൊതുവെ വസ്‌തുതകൾ കൂട്ടിയിട്ട ഒരു സ്റ്റോർറൂം ആയിരിക്കും. അധികാരികൾ നിങ്ങൾക്കു നൽകിയ വിരസമായൊരു പാറക്കണ്ടം. അതിനെത്തന്നെ കെട്ടിപ്പിടിച്ചിരുന്നാൽ, തങ്ങളുടെ മാനവികാവസ്ഥയെ, അതിന്റെ ആണിക്കല്ലായ സർഗാത്മകതയെ പൂർണമായ അർഥത്തിൽ ഉപയോഗിക്കാൻ സാധിക്കാതെ വിദ്യാർഥികൾ വലയുന്നു. മനുഷ്യനെ മൃഗങ്ങളിൽനിന്നും വ്യതിരിക്തനാക്കുന്നത് അവൻ്റെ സർഗാത്മകതയാണെന്ന് ബ്രസീലിയൻ വിദ്യാഭ്യാസവിചക്ഷണനായ പോളോ ഫ്രെയർ സിദ്ധാന്തിക്കുന്നുണ്ട്. അതോടെ തങ്ങളുടെ സർഗാത്മകതയെ ഉണർത്താനാവാതെ വിദ്യാർഥികൾ അപമാനവീകരണത്തിലേക്ക് (dehumanisation) തള്ളിവിടപ്പെടുന്നു. “നല്ല മനുഷ്യൻ” എന്നുള്ളത് പോട്ടെ, “മനുഷ്യൻ” തന്നെയാവാൻ കുറച്ച് പ്രയാസമായിരിക്കും എന്നർഥം.

സിദ്ധാന്തങ്ങൾ അവിടെ കിടക്കട്ടെ. നമുക്ക് സിലബസിനപ്പുറത്തുള്ള പാഠങ്ങളിലേക്കു വരാം. അനാട്ടമിയും ഫിസിയോളജിയും പഠിക്കുന്ന മെഡിക്കൽ വിദ്യാർഥി മനുഷ്യശരീരങ്ങൾ തമ്മിൽ യാതൊരു വിവേചനവുമില്ലെന്ന സത്യം തിരിച്ചറിഞ്ഞില്ലെങ്കിൽ, ലാബിൽ വെച്ച് ബീക്കറുകളിൽ റിയാക്ഷൻ നടക്കുന്നതു കണ്ട് എവിടെ എങ്ങനെ പ്രതികരിക്കണം എന്ന സന്തുലിതാവസ്ഥയെ ഒരു ബി എസ് സി കെമിസ്ട്രിക്കുട്ടൻ ആർജിച്ചില്ലെങ്കിൽ, എം എസ് സി ഫിസിക്സുകാരന് അനന്തമായ പ്രപഞ്ചത്തിന്റെ നിഗൂഢതകൾക്കുമുന്നിൽ താൻ എത്രയോ ചെറുതാണെന്ന എളിമ കൈവന്നിട്ടില്ലെങ്കിൽ, എം എ ഹിസ്റ്ററിക്കാരി കാലത്തിന്റെ കുത്തൊഴുക്കിൽ അധികാരങ്ങളൊന്നും ശാശ്വതമല്ലെന്ന വിവേകം സ്വായത്തമാക്കിയില്ലെങ്കിൽ - ‘എജ്യുക്കേറ്റഡ്’ ആണെന്നതിൻ്റെ ഉപകാരം തനിക്കു കിട്ടിയിട്ടില്ല എന്നാണവർ തിരിച്ചറിയേണ്ടത്. അക്കൗണ്ട് ബുക്കുകളിലെ കൃത്യത ജീവിതത്തിലെ മൂല്യങ്ങളിലും പുലർത്താനുള്ള ആർജവം സി എ സ്റ്റുഡൻ്റിനു വേണം. ലാഭനഷ്ടങ്ങളുടെ കണക്കുകൾക്കപ്പുറം, മനുഷ്യബന്ധങ്ങളാണ് ഏറ്റവും വലിയ മൂലധനമെന്ന തിരിച്ചറിവ് എം കോമുകാരനു കിട്ടണം. മനുഷ്യനെ വെറും യന്ത്രങ്ങളായി കാണാതെ, വൈകാരികതയും ബുദ്ധിമുട്ടുകളുമുള്ള പച്ചമനുഷ്യരായിത്തന്നെ പരിഗണിക്കാനുള്ള മാനവികതയെ എം ബി എക്കാരൻ പുണരണം. എം സി എക്കാരി പ്രോഗ്രാമിങ്ങിലെ ബഗ്ഗുകൾ ക്ഷമയോടെ തിരുത്താൻ പഠിക്കുമ്പോൾ, സമൂഹത്തിലെ പ്രശ്നങ്ങളെ സഹിഷ്ണുതയോടെ കാണാൻ കൂടിയാണ് പഠിക്കേണ്ടത്. ഒരു സാഹിത്യവിദ്യാർഥിക്ക് കഥയോ കവിതയോ വായിക്കുമ്പോൾ, മറ്റൊരു മനുഷ്യന്റെ വേദനകളെയും സന്തോഷങ്ങളെയും സ്വന്തമെന്നപോലെ അനുഭവിക്കാൻ കഴിയണം, അഥവാ സഹൃദയത്വം വേണം: അനുകമ്പ ആഴത്തിൽ വേരോടണം. ആടുജീവിതം വായിക്കുമ്പോൾ ഉള്ളു മരുഭൂമിയായി പൊള്ളണം. സിലബസ് എന്ന ബസ്സിൽ കയറുന്ന ഈ വിദ്യാർഥികളെല്ലാം ഇറങ്ങുന്നത് ഒരേ സ്റ്റോപ്പിലാണ് - മാനവികതയുടെ സ്റ്റോപ്പിൽ! പരീക്ഷാഹാളിൽ മെഡിക്കൽവിദ്യാർഥി അനാട്ടമി വരയ്ക്കുമ്പോൾ, സാഹിത്യവിദ്യാർഥി കവിതയുടെ വ്യാഖ്യാനം ചിന്തിക്കുകയായിരിക്കും. എന്നാൽ, ഐൻസ്റ്റീൻ പറഞ്ഞതുപോലെ ഇതെല്ലാം മറന്നുപോയാലും രണ്ടുപേരിലും 'ബാക്കിയാകുന്നത്' സഹജീവികളോടുള്ള കരുണയും സ്നേഹവും മാത്രമായിരിക്കും.

കുറച്ചു നൊസ്റ്റാൾജിയ പറയാം. മധുരമുള്ള ഒരു സ്കൂൾക്കാലം ഓർമയിൽ ഇപ്പോഴും ഉണ്ടല്ലോ? അന്ന് വാങ്ങിയ അടിയുടെ തിണർപ്പും ഇമ്പോസിഷൻ്റെ തഴമ്പും ഉള്ളിലിന്നും കാണും. അന്നത്തെ യു പിക്കാരിയോ ഹൈസ്‌കൂൾക്കാരനോ അല്ല, ഇന്നു നിങ്ങൾ. കാര്യങ്ങളെ സമചിത്തതയോടെ സമീപിക്കാൻ കഴിയുന്ന, വിമർശനാത്മകമായി ചിന്തിക്കാൻ (Critical thinking) ശേഷിയുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൗരനാണ്/പൗരിയാണ്. അന്ന് നിങ്ങൾക്ക് പാഠഭാഗങ്ങളെ അണ്ണാക്കു തൊടാതെ വിഴുങ്ങാമായിരുന്നു. നിങ്ങളുടെ ലോകം നിഷ്കളങ്കമായിരുന്നു. ഇന്നതു പറ്റില്ല. നിങ്ങൾ ജീവിതത്തെ ഗൗരവതരമായി കണ്ടുതുടങ്ങുന്ന കാലമാണിത്.

വിമർശനാത്മക വിദ്യാഭ്യാസം എന്നു കേട്ടിട്ടുണ്ടാവും നിങ്ങളിൽ ചിലർ. അതിൻ്റെ നിർവചനങ്ങളായി ബ്രസീലിയൻ അക്കാദമിഷ്യൻ ജോ കിൻച്ലോ critical pedagogy(2008) എന്ന ഗ്രന്ഥത്തിൽ പറയുന്നതിലൊന്ന്: മനുഷ്യന്റെ സഹനങ്ങൾക്കു പരിഹാരം കാണുന്നതിനുവേണ്ടി സ്വയം സമർപ്പിക്കപ്പെട്ടത് എന്നാണ്. മറ്റൊന്ന്: സമൂഹത്തിലെ മർദിതരേയും അവരുടെ അവസ്ഥയേയും, അതിൻ്റെ കാരണങ്ങളെയും സംബന്ധിച്ചുള്ള തിരിച്ചറിവും അതിനെതിരെ ജാഗ്രത്താവാനുള്ള വിരൽചൂണ്ടി എന്നാണ്. വിദ്യാഭ്യാസം ഒഴുക്കൻ മട്ടിലാവരുത്. വിമർശനാത്മകമായിരിക്കണം. ചിന്തിച്ചുപഠിക്കണം.

ഒരു കഥയുണ്ട്. ലാറി ബേക്കറുടെ ശിഷ്യനായ ഒരു എൻജിനീയറുടെ മേൽനോട്ടത്തിൽ വീടിന് അസ്തിവാരമിടുകയാണ്. എൻജിനീയർ എത്തും മുമ്പേ, അസ്തിവാരത്തിനായി കീറിയ ചാലിൽ വലുതും ചെറുതുമായ കല്ലുകളെ അലക്ഷ്യമായി നിറച്ചിരുന്നു പണിക്കാർ. അലക്ഷ്യമായി ഒരു കല്ലും ഉണ്ടാവരുത് വാസ്തുവിൽ. അയാൾ ഇട്ട കല്ലൊക്കെ പുറത്തെടുപ്പിച്ചു. ഇനി ഓരോ കല്ലായി ഇടുക. ഇടുമ്പോൾ ഓരോ കല്ലിന്റെയും അഭിപ്രായം നാം ചോദിച്ചിരിക്കണം. ഓരോ കല്ലിനും ഏറ്റവും കൂടുതൽ കംഫർട്ട് ആയ ഒരിരിപ്പുവശം ഉണ്ടാവും. അതു നോക്കി വേണം വയ്ക്കാൻ. ഇല്ലെങ്കിൽ കല്ല് സമ്മർദ്ദത്തിലാവും. അസ്തിവാരത്തിലൊരു കല്ല് സമ്മർദ്ദമനുഭവിക്കാൻ പാടില്ല. അത് വീടിന്റെ വരുംകാല സ്വസ്ഥതയ്ക്കു പറ്റിയതല്ല. സിലബസ്സിൽനിന്നും നേടുന്ന ഓരോ അറിവും, കഥയിലെ ഓരോ കല്ലിനെയും പോലെയാണ്. എന്തിനാണ് ഈ പാഠം പഠിക്കുന്നത് എന്ന ബോധ്യം എപ്പോഴും ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ, ജീവിതത്തിൻ്റെ അസ്‌തിവാരമായ വിദ്യാഭ്യാസത്തിന് ഇളക്കം തട്ടും. അത് ജീവിതഗോപുരത്തിന് നല്ലതല്ല.

ഒരു കഥ പറഞ്ഞു നിർത്താം. ഒരിക്കൽ, ചിലിയിലെ ഏതാനും ദരിദ്രകർഷകരുമായി സംവദിക്കാനുള്ള അവസരം പോളോ ഫ്രെയറിന് ലഭിച്ചു. ഒരു കർഷകർക്ക് പോളോ ഫ്രെയറിനെ ആരോ പരിചയപെടുത്തിക്കൊടുത്തു: ബ്രസീലിലെ വലിയ നഗരത്തിൽനിന്നു വന്നതും ഗവേഷണബിരുദം നേടിയതുമായ ഒരു ബുദ്ധിജീവിയാണ്. അതുകൊണ്ടാവാം കർഷകരാരും തന്നെ ഒന്നും സംസാരിക്കാതെ, ഫ്രെയർ പറയുന്നത് കേൾക്കാനായി കാതു കൂർപ്പിച്ചിരുന്നു. എന്നാൽ ഫ്രെയറാവട്ടെ വളരെ ബോധപൂർവം ഒരക്ഷരം പോലും മിണ്ടാതെ കർഷകരുടെ മുമ്പിൽ വെറുതെ ഇരുന്നു. ഏറെ നേരമായിട്ടും ഫ്രെയർ ഒന്നും മിണ്ടുന്നില്ല. അപ്പോൾ ഒരു കർഷകൻ പറഞ്ഞു: സർ ക്ഷമിക്കണം. അങ്ങ് പി എച്ച് ഡിയും മറ്റു യോഗ്യതകളുമുള്ള മഹാനായ ഒരു ബുദ്ധിജീവിയാണ്. ഞങ്ങളൊക്കെ കർഷകരും. ഞങ്ങൾ വെറും ഗ്രാമവാസികളാണ്. അങ്ങാകട്ടെ വലിയ നഗരത്തിൽ ജീവിക്കുന്നയാളും. അതുകൊണ്ട് അങ്ങ് സംസാരിക്കുക. അങ്ങ് ധാരാളം അറിവുള്ള ആളല്ലേ. ഞങ്ങൾ ശ്രദ്ധിക്കാം. ഞങ്ങൾക്കത് ഉപകാരവുമാകും”.

“നമുക്ക് ഒരു കളി കളിക്കാമോ” എന്നാണ് ഫ്രയർ മറുപടിയായി ചോദിച്ചത്. കർഷകർക്കു വലിയ ഉത്സാഹം. ഫെയർ കളിയുടെ നിയമം പറഞ്ഞുതുടങ്ങി. "ഞാൻ ഒരു ചോദ്യം ചോദിക്കും; അതിന് നിങ്ങൾ ഉത്തരം പറഞ്ഞില്ലങ്കിൽ എനിക്ക് ഒരു പോയിൻ്റ്. നിങ്ങൾക്ക് തിരിച്ചും ചോദിക്കാം. നിങ്ങൾക്കും പോയിൻ്റ് ലഭിക്കും". ഫ്രെയർ ആദ്യത്തെ ചോദ്യം ചോദിച്ചു. "മാർക്‌സിയൻ ചിന്തകളിൽ ഹെഗലിന്റെ സ്വാധീനമെന്താണ്". കർഷകർ വാപൊളിച്ചിരുന്നു. അങ്ങനെ ഫ്രെയറിന് ഒരു പോയിൻ്റായി. ഇനി കർഷകരുടെ ഊഴമായിരുന്നു. അവർ ചോദിച്ചു: "കരിമ്പിന് ആദ്യ വളമിടേണ്ടത് നട്ടതിനുശേഷം എത്ര നാളുകൾക്ക് ശേഷമാണ്? ഫ്രെയറിന് ഉത്തരമറിഞ്ഞു കൂടാ. അങ്ങനെ കർഷകർക്കും ഒരു പോയിൻ്റായി. അങ്ങനെ പത്ത് ചോദ്യങ്ങളുള്ള കളി അവസാനിച്ചപ്പോൾ ഫ്രെയറിൻ്റെ ഒരു ചോദ്യത്തിനും ഉത്തരം പറയാൻ കർഷകർക്കോ, കർഷകരുടേത് ഫ്രെയറിനോ സാധിച്ചില്ല. കളി തുല്യതയിൽ അവസാനിച്ചു (ഫ്രെയർ, 1992). ഫ്രെയർ മുന്നോട്ടുവച്ച കളിനിയമത്തിൽ, ചോദ്യം ഏതു നിലവാരത്തിലുള്ളതായാലും എതിർടീമിന് ഉത്തരമറിയില്ലെങ്കിൽ ടീമിന് പോയിൻ്റ് ലഭിക്കും. അതായത് അറിവിന്റെ വലിപ്പച്ചെറുപ്പത്തിനനുസരിച്ചല്ല, മറിച്ച് എല്ലാ അറിവിനും ഒരേ പോയിന്റ് എന്നതാണ് ആശയം. അറിവിൻ്റെ കാര്യത്തിൽ മുന്തിയതെന്നോ മോശമായതെന്നോ ഇല്ലായെന്നും, എല്ലാ അറിവും ഒരുപോലെ മൂല്യമുള്ളതാണെന്നുമുള്ള ബോധ്യമാണ് ഈ കഥ ബാക്കിവെക്കുന്നത്. എത്ര വലിയ പണ്ഡിതനായി മാറിയാലും, ഞാൻ വലിയ അറിവുള്ളവനാണ് എന്ന അഹങ്കാരം പാടില്ല, എത്ര മുന്തിയ കോഴ്സാണു പഠിക്കുന്നതെങ്കിലും ഗർവ്വിനു സ്ഥാനവുമില്ല.