Poem

യുവത്വം വില്പനക്ക്

ഉമ്മുസുലൈം പി സിഎം.ഇ.ടി.ജി. അക്കാദമി, തിരൂർ

ഹെഡ്സെറ്റമർന്ന കാതുകളിൽ അശ്ലീലം മാത്രം താളമിട്ടു, മൂല്യമേറിയ നേരങ്ങൾ മുഴുക്കെയും സ്ക്രീൻ വെളിച്ചം കവർന്നു. 'ഫ്രീഡം, ഫൺ, ഫ്ലൈ' നാവിൽ ലഹരി തത്തിക്കളിക്കെ അവരുരുവിട്ടു.

ഒഴുകുന്ന ആകാശം നോക്കി, അനന്തലോകം കിനാകണ്ട് കൂടെ ചരിക്കുന്ന മനുഷ്യർ. ദുരന്തങ്ങൾ പോലുമാഘോഷമായി, നേരും നെറിയും നാമാവശേഷമായി, ജീവിതം വർണമേറ്റി കഴിയുന്നോർ.

മൂല്യങ്ങൾ മറന്ന് ധർമ്മങ്ങൾ അകന്ന് കൊല്ലും കൊലയും സാർവത്രികമായി.

ഹെഡ്സെറ്റമർന്ന കാതുകളിൽ അശ്ലീലം മാത്രം താളമിട്ടു, മൂല്യമേറിയ നേരങ്ങൾ മുഴുക്കെയും സ്ക്രീൻ വെളിച്ചം കവർന്നു. 'ഫ്രീഡം, ഫൺ, ഫ്ലൈ..' നാക്കിൽ ലഹരി തത്തി കളിക്കെ അവരുരുവിട്ടു.

കലാലയ പോക്കുകൾ വിദ്യക്കപ്പുറം മയങ്ങുവാനുള്ള സാധ്യതയിൽ പതിച്ചു. പുസ്തകക്കെട്ടിന് പകരം, കഞ്ചാവ് പാക്കുകൾ നിറഞ്ഞൊരു ബാഗ് ചുമലിലേറി.

ഫ്രണ്ട് സർക്കിളിൽ പുതിയ ഹീറോ ചട്ടം, "ബോൾഡ് ആണേൽ ട്രൈ ചെയ്യണം!" ചലഞ്ചേറ്റില്ലേൽ ഗുമ്മില്ല, ഒടുക്കം തീവ്രതയിൽ മുങ്ങുമ്പോൾ മുഴങ്ങുന്ന നിലവിളികൾക്ക് കർണപടങ്ങളിൽ ശേഷിയില്ലെങ്കിലും മാധ്യമങ്ങൾക്ക് കൊയ്ത്തുകാലം, തല്ലും തകർച്ചയും ഒപ്പിപിടിക്കാൻ, ആദ്യമാദ്യം പറയാൻ നാലാം തൂണിന് തിടുക്കം മാത്രം.

സ്‌ക്രീനിൽ തളച്ച മിഴികളിൽ, സദാ 'അഭിനയ ജീവിതങ്ങൾ' നടമാടി. യാഥാർഥ്യമിതെന്ന് നിനച്ചവൻ മിഥ്യയെ കൂട്ട് പിടിച്ചൊരു നവലോക ക്രമം സൃഷ്ടിപ്പിനായൊരുങ്ങി, പരാജിതരായ്.

'കല്ലി'ന്റെ രുചിയിൽ പെങ്ങളും ഉമ്മയും വെറുമൊരു പേര് മാത്രമായി, കാമഭ്രമത്തിന്നവരിരകളായി.

ക്ലാസ്സ് മുറികളിൽ ക്ഷീണിച്ച, ഉറക്കമിളച്ച അശ്രദ്ധമുറ്റിയ നേത്രങ്ങൾ, ഗുരുവിലും ശത്രുവിനെ തിരഞ്ഞു, ഗുരുരക്തം ചിതറി ചിന്തി, വൈറലായി എയറിലാവുന്നതറിഞ്ഞവനിൽ നികൃഷ്ടചിരി വിരിഞ്ഞ- ട്ടഹാസമായി, സ്വബോധം നഷ്ടപ്പെട്ടൊരു ഭ്രാന്തരൂപമായി.

സാക്ഷ്യപത്രങ്ങൾ കുമിഞ്ഞു കൂടി, ധർമം അഗാധഗർത്തമിലൊളിച്ചു, നെഞ്ചക്കിന് പ്രഹരത്തിൽ തോളായോരേ കരങ്ങളാൽ ശഹബാസ് പിടഞ്ഞു ഉലഞ്ഞു.

ഡിജിറ്റൽ ലോകത്ത് കിനാക്കൾ വട്ടമിട്ടു പറന്നു, ഡാർക് നെറ്റിൽ ആത്മാക്കൾ വലഞ്ഞു, ജീവക്കുരുതിക്കളങ്ങൾ നിറഞ്ഞു.

'ബ്ലൂ വൈലും' 'പബ്ജി'യും 'ഫ്രീ ഫെയറും' തുടിപ്പാർന്ന കാലത്തിന്റെ കണ്ഠത്തിൽ തന്നെ പിടുത്തമിട്ടു, യുവത്വവും ബാല്യവുമടക്കം പ്രാണന്നായി പിടഞ്ഞു.

കറക്കം പതിവാണ്, വരവൊരു കുറവല്ല, ചെലവ് പ്രശ്നവുമല്ല, ഒരു പഞ്ച് മതിയനേക- സന്തോഷ സൗഖ്യങ്ങൾക്കെന്നാണ് ആദ്യവർത്തമാനം, അന്ത്യമിൽ ശൂന്യത മാത്രമെന്നത് വൈരുധ്യം.

മുന്നിലെത്തിയതൊക്കെയും വലിച്ചെറിഞ്ഞു, ക്ഷണഭക്ഷണത്തിനായ് കാതോർത്തിരുന്നു. ഊരും പേരും വറ്റുമില്ലാത്തൊരു പറ്റം ഫലസ്തീനികളെ മനപ്പൂർവം മറന്നു.

ബ്രാൻഡുകൾ ഭ്രമിപ്പിച്ച്, ഓഫറുകളിൽ ഞെരിഞ്ഞമർന്നു സാമൂഹ്യ സ്ഥാനം മുഖ്യമാണെന്ന തോന്നലുകളിൽ പ്രതീകങ്ങൾ അരങ്ങേറ്റം തുടർന്നു.

ഉറവിടമില്ലാത്ത പണവും ഉദ്ദേശ്യമില്ലാത്ത ഉപഭോഗവും ഉത്തരാധുനികതയിലെ മനുഷ്യത്വരാഹിത്യവും നിത്യസംഭവമായി.

ചുക്കിചുളിഞ്ഞ മേനികളോട് വെറുപ്പ് പടർന്നു, സൈര്യവിഹാരത്തിന്നധികപറ്റെന്ന ചിന്തയിൽ നിന്നും വയോമന്ദിരങ്ങൾ കൂൺകണക്കെ മുളച്ചുപൊന്തി.

ഉറക്കം കെടുത്തിയ സ്വപ്നങ്ങളുമായി പോറ്റിവളർത്തിയൊരു ജനനികളിൽ ആധി നിറഞ്ഞൊരു രാവുകൾ മാത്രം ബാക്കിയായി.

വടവൃക്ഷമായി വളർന്ന്, ശിഖിരങ്ങൾ പടർന്ന് ഫലങ്ങൾ കനിയേണ്ട വേരുകൾ ചീഞ്ഞു നാറി, മണ്ണിലുറക്കും മുന്നേ നാമാവശേഷമായി അലിഞ്ഞലിഞ്ഞില്ലതായി.