Short Story

റോബോട്ട്

ജുമാന ടി സി ആക്കോട്ഫാറൂഖ് കോളേജ്, കോഴിക്കോട്

"നമ്മുടെ ഗോവിന്ദൻ മാസ്റ്ററുടെ മോൻ ഇന്നലെ ഗൾഫിൽ നിന്ന് വന്നില്ലേ, വരുമ്പോൾ ഒരാളെക്കൂടി കൊണ്ടുവന്നിട്ടുണ്ടത്രേ. മനുഷ്യനെപ്പോലെയാണ്. കയ്യും കാലും തലയുമൊക്കെയുണ്ട്. പക്ഷേ മനുഷ്യനല്ല!"

"അതെങ്ങനെ ശരിയാവും?" അയമുട്ടി മുഖം ചുളിച്ചു.

"അയമുട്ട്യേ... ഇജ്ജ് അറിഞ്ഞോ, നമ്മളെ ഗോവിന്ദൻ മാസ്റ്ററുടെ വീട്ടിൽ പുതിയ ഒരാള് വന്നിട്ടുണ്ടെന്ന്?"

പതിവുപോലെ അന്നും ബാലൻ ചായപ്പീടികയിലെത്തിയത് പുതിയ കഥകളുമായിട്ടായിരുന്നു. കേൾക്കാൻ ആളുള്ളവർക്ക് കഥകൾക്കാണോ ക്ഷാമം!

"പുതിയ ആളോ? ആരാ? എന്നിട്ട് ഈ വഴിക്കൊന്നും നമ്മള് കണ്ടില്ലല്ലോ..." അയമുട്ടി ചിരിച്ചുകൊണ്ട് ചോദിച്ചു.

"മനുഷ്യനൊന്നുമല്ല... ഒരു റോബോട്ട്!"

"റോബോട്ടോ? ഇജ്ജ് എന്തൊക്കെയാ പറയ്ണത്!" അയമുട്ടിക്ക് വിശ്വസിക്കാനായില്ല.

"ഒക്കെ ഞാൻ പറഞ്ഞുതരാം. രാമൂ... രണ്ട് ചായ!" ചായക്ക് ഓർഡർ നൽകിക്കൊണ്ട് ബാലൻ തുടർന്നു. "നമ്മുടെ ഗോവിന്ദൻ മാസ്റ്ററുടെ മോൻ ഇന്നലെ ഗൾഫിൽ നിന്നു വന്നില്ലേ, വരുമ്പോൾ ഒരാളെക്കൂടി കൊണ്ടുവന്നിട്ടുണ്ടത്രെ. മനുഷ്യനെപ്പോലെയാണ്. കയ്യും കാലും തലയുമൊക്കെയുണ്ട്. പക്ഷേ, മനുഷ്യനല്ല!"

"അതെങ്ങനെ ശരിയാവും?" അയമുട്ടി മുഖം ചുളിച്ചു.

"അതാണ് അത്ഭുതം. മനുഷ്യന്മാർ ഉണ്ടാക്കിയ മനുഷ്യൻ... അങ്ങനെ അങ്ങോട്ട് കരുതിയാൽ മതി."

"എന്നിട്ട്... മിണ്ടുകയും പറയുകയുമൊക്കെ ചെയ്യോ അത്?"

"ചോദിക്കാനുണ്ടോ? നമ്മൾ എന്ത് ചോദിച്ചാലും അതിന് ശരിയായ ഉത്തരം മാത്രമേ അത് പറയുള്ളൂ. പണികളും എല്ലാം ചെയ്യും. മാസ്റ്റർക്കും ഭാര്യക്കും ഇപ്പോൾ മരുന്ന് കൊടുക്കുന്നതും, ഭക്ഷണം നൽകുന്നതുമെല്ലാം അതുതന്നെ. കാലത്തിന്റെ പോക്ക് ഇങ്ങനെയാണെങ്കിൽ ഇനിയൊക്കെ ശരിക്കുള്ള മനുഷ്യരെ കണ്ടാൽ തിരിച്ചറിയാൻ പറ്റുമോ ആവോ?" ഒരു നെടുവീർപ്പോടെ ബാലൻ പറഞ്ഞു നിർത്തിയപ്പോഴേക്കും ചായ മേശപ്പുറത്തെത്തിയിരുന്നു.

അപ്പോഴാണ് ഖാദർ കടയിലേക്ക് കയറിവന്നത്. "അല്ല... ഇന്നെന്താ പുതിയ വിശേഷം?" പരിഹാസത്തോടെ ചോദിച്ചതാണെങ്കിലും ബാലൻ തന്റെ ആശ്ചര്യം അവനോടും പങ്കുവച്ചു.

"ആ... ഞാൻ വാർത്തയിലൊക്കെ കണ്ടിരുന്നു. ആശുപത്രികളിൽ മരുന്ന് കൊടുക്കാനും പരിശോധനകൾക്കും ഇപ്പോൾ അവരാണ്. പഠിപ്പിക്കാനും മറ്റു ജോലിക്കും എല്ലാം ഉപയോഗിക്കുന്നുണ്ട്," ഖാദർ കാര്യഗൗരവത്തോടെ പറഞ്ഞു.

"അതിനെക്കുറിച്ചാ പറയുന്നത്..." ബാലൻ പ്രതിവചിച്ചു.

അയമുട്ടി പതിവിലുമപ്പുറം നിശ്ശബ്ദനായിരുന്നു.

"അയമുട്ടീ... ഇജ്ജ് എന്താ ഒന്നും പറയാത്തത്?"

"അല്ല... ഞാൻ ഇങ്ങനെ ചിന്തിക്കായിരുന്നു, അങ്ങനത്തെ ഒരെണ്ണം എനിക്കും വാങ്ങിയാലോ എന്ന്."

ചായ ചുണ്ടോട് അടുപ്പിച്ച്, ചിരിക്കാതിരിക്കാൻ പാടുപെട്ട് ബാലൻ ചോദിച്ചു, "കാര്യാണോ ഇജ്ജ് പറയുന്നത്?"

"ആ... അല്ലാതെ ഞാൻ വെറുതെ പറയുമോ? ആമിന പോയതിനു ശേഷം വീട്ടിൽ ആകെ ഒരു മൂകതയാണ്. എന്റെ കാര്യങ്ങൾ മറ്റൊരാളെ ഏൽപ്പിക്കാനും എനിക്ക് അത്ര ഇഷ്ടമില്ല. ഇതാവുമ്പോൾ ആരെയും ബുദ്ധിമുട്ടിക്കേണ്ടല്ലോ. എനിക്ക് ഒരു കൂട്ടിനാളാവുകയും ചെയ്യും."

ബാലനും ഖാദറും ഒന്നും പറഞ്ഞില്ല. അവർക്കിടയിൽ മൗനം തളംകെട്ടിനിന്നു. ചിന്തകളിൽ നിന്നവർ പുറത്തേക്കിറങ്ങുമ്പോഴേക്കും അയമുട്ടി പതിയെ നടന്നു നീങ്ങിയിരുന്നു—ജീവിതത്തിന്റെ പുതിയ പുലരികളെ സ്വപ്നം കണ്ടുകൊണ്ട്.