പരിഷ്കാരങ്ങൾ അർഹിക്കുന്നുണ്ട് ഉന്നത വിദ്യാഭ്യാസ മേഖല
ഇന്ത്യയുടെയും കേരളത്തിന്റെയും വിദ്യാഭ്യാസ ഘടന, ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങൾ, പുതിയ നയങ്ങൾ, തൊഴിൽസാധ്യത, ബ്രെയിൻ ഡ്രെയിൻ തുടങ്ങിയ വിഷയങ്ങളുടെ വിശകലനം.

പൂർണമായും വ്യവസ്ഥാപിതവും ഘടനാധിഷ്ഠിതവുമാണ് നമ്മുടെ വിദ്യാഭ്യാസരംഗം.കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിശ്ചിത അധികാരങ്ങളും ചുമതലകളുമുള്ള കൺകറൻ്റ് ലിസ്റ്റിലാണ് വിദ്യാഭ്യാസം ഉൾപ്പെടുന്നത്. വിവിധ വിദ്യാഭ്യാസകമ്മീഷനുകളുടെ നിർദേശങ്ങളുടെയും ദേശീയവിദ്യാഭ്യാസനയങ്ങളുടെയും ഭാഗമായി കൃത്യമായ ഇടവേളകളിൽ അതിൻ്റെ ഘടന പുനർനിർണയിക്കപ്പെട്ടുകൊണ്ടിരുന്നു. പ്രാഥമികവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം എന്നിങ്ങനെയാണ് ഏറ്റവും അടിസ്ഥാനപരമായ ഘടനാവിഭജനം.
2020-ലെ ദേശീയ വിദ്യാഭ്യാസനയത്തിന് മുമ്പ്, പ്ലസ് ടു വരെ പ്രാഥമിക വിദ്യാഭ്യാസം, ബിരുദതലം മുതൽ ഉന്നതവിദ്യാഭ്യാസം എന്നിങ്ങനെയായിരുന്നു സംവിധാനം.1997 വരെ, നിലവിൽ കേരളത്തിലെ സ്കൂളുകളിലുള്ള ഹയർ സെക്കണ്ടറിക്ക് പകരം പ്രീഡിഗ്രി സംവിധാനമായിരുന്നു നിലനിന്നിരുന്നത്. ഉന്നതവിദ്യാഭ്യാസത്തിൻ്റെ ഭാഗമായി പരിഗണിച്ച് കോളേജുകളിലായിരുന്നു പ്രീഡിഗ്രി കോഴ്സുകൾ നടത്തപ്പെട്ടിരുന്നത്.1997-ലെ പ്രീ ഡിഗ്രി കോഴ്‌സ് നിർമാർജന നിയമം വഴിയായിരുന്നു സ്കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗങ്ങൾ ആരംഭിക്കുന്നത്. പതിനാറോ പതിനേഴോ വയസ്സിൽ തന്നെ വിദ്യാർഥി ഉന്നതവിദ്യാഭ്യാസത്തിൻ്റെ ഭാഗമാകുന്നത് തടഞ്ഞ്, വിദ്യാഭ്യാസപ്രക്രിയ ലളിതവൽകരിക്കാനുള്ള ശ്രമം കൂടിയായിരുന്നു ഇത്. പുതിയ ദേശീയ വിദ്യാഭ്യാസനയം (2020) അനുശാസിക്കുന്നത് 5+3+3+4 എന്ന ഘടനയാണ്. അതായത്, പ്രാഥമികവിദ്യാഭ്യാസം പതിനൊന്ന് വർഷമായി ചുരുങ്ങുകയും ഉന്നതവിദ്യാഭ്യാസം നിലവിലെ ഘടനയെ അപേക്ഷിച്ച് ഒരു വർഷം നേരത്തെ തുടങ്ങുകയും ചെയ്യും.
വിദ്യാഭ്യാസരംഗത്തിന്റെ ഘടന, അതിൻ്റെ സവിശേഷതകൾ, ലക്ഷ്യങ്ങൾ തുടങ്ങിയവയെ സംബന്ധിച്ചുള്ള വിദ്യാർഥിസമൂഹത്തിന്റെ ധാരണയെയാണ് ആദ്യം പരിശോധിക്കേണ്ടത്. ബിരുദതലത്തിലുള്ള വിദ്യാർഥികൾക്ക് പോലും ഇക്കാര്യത്തിൽ വേണ്ടത്ര അവബോധമില്ല എന്നതാണ് വസ്തുത. പ്രാഥമിക വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം എന്നീ വിഭജനത്തെ സംബന്ധിച്ചോ അവ തമ്മിലുള്ള വ്യത്യാസങ്ങളെ സംബന്ധിച്ചോ അവർക്ക് മതിയായ ധാരണയില്ല. പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും വെവ്വേറെ നിലനിൽക്കുന്നുണ്ടെന്ന് പോലും പല വിദ്യാർഥികളും തിരിച്ചറിയുന്നില്ല. വിദ്യാർഥികളുടെ 'പൊതുവിജ്ഞാനക്കുറവ്' എന്നാരോപിച്ച് കയ്യൊഴിയേണ്ട വിഷയമല്ലിത്. നമ്മുടെ വിദ്യാഭ്യാസമേഖലയുടെ ചരിത്രം, നിർണായക വഴിത്തിരിവുകൾ, ഭരണവ്യവസ്ഥ എന്നിവ ഉൾപ്പെടുന്ന അധ്യായങ്ങൾ രൂപപ്പെടുത്തി മുഴുവൻ കോഴ്സുകളുടെയും ഭാഗമാക്കാനുള്ള ആലോചനകൾ ഇതിനു പരിഹാരമായി രൂപപ്പെടേണ്ടതുണ്ട്.
എല്ലാ പഠനവിഷയങ്ങളിലും സാമാന്യവും അടിസ്ഥാനപരവുമായ ജ്ഞാനം മുഴുവൻ വിദ്യാർഥികൾക്കും ഉറപ്പുവരുത്തുക എന്നതാണ് പ്രാഥമിക വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം. ഏതെങ്കിലും വിഷയമോ (Subject ) ഉള്ളടക്കമോ (Content / Topic ) പൂർണമായോ ആഴത്തിലോ അവിടെ പഠനവിധേയമാക്കുന്നില്ല. സംസ്ഥാനങ്ങൾക്കും വിദ്യാഭ്യാസബോർഡുകൾക്കും അനുസൃതമായി ഭാഷാപഠനം, മാതൃഭാഷാ പഠനം, സാങ്കേതിക- തൊഴിലധിഷ്ഠിത പഠനങ്ങൾ, കലാ-കായിക വിദ്യാഭ്യാസം തുടങ്ങിയവയിൽ നിശ്ചയിക്കുന്ന മുൻഗണനകൾക്കും തിരഞ്ഞെടുപ്പുകൾക്കും അനുസരിച്ച് സംഭവിക്കുന്ന വ്യത്യാസങ്ങളൊഴിച്ചാൽ, രാജ്യത്തെ എല്ലാ പ്രാഥമിക വിദ്യാഭ്യാസ കോഴ്സുകളിലെയും വിഷയങ്ങളും ഉള്ളടക്കവും ഏതാണ്ട് സമാനമാണ്.
ഉന്നതവിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനപരമായ സവിശേഷത ഒരു പ്രധാനവിഷയത്തിന്റെ തിരഞ്ഞെടുപ്പാണ്. ആ വിഷയത്തെ കേന്ദ്രീകരിച്ചാണ് പാഠ്യപദ്ധതി രൂപീകരിക്കപ്പെടുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിൻ്റെ രണ്ടാം ഘട്ടമായി പരിഗണിക്കാവുന്ന ഹയർസെക്കണ്ടറി തലം മുതലാണ് ഇത് ആരംഭിക്കുന്നത്. ഹ്യൂമാനിറ്റീസ്, കൊമേഴ്സ്, സയൻസ് തുടങ്ങിയ സ്ട്രീമുകളിൽ ഒന്ന് വിദ്യാർഥി തിരഞ്ഞെടുക്കുന്നു. ഒരു സ്ട്രീമിൽ തന്നെ വിഷയങ്ങളുടെ കോമ്പിനേഷനിൽ മാറ്റമുണ്ടാകാം. ഹയർസെക്കണ്ടറി തലത്തിലെ സ്ട്രീമുകൾ പ്രാഥമികവും വിശാലവുമാണ്. ഉദാഹരണത്തിന്, ഒരു ഹ്യുമാനിറ്റീസ് വിദ്യാർഥി ഒരു വിശാല പഠനമേഖലയുടെ ഭാഗമാണ്. ഹ്യൂമാനിറ്റീസിൻ്റെ ഭാഗമല്ലാത്ത ഒരു വിഷയവും ആ വിദ്യാർഥിയുടെ ഔപചാരികവിദ്യാഭ്യാസത്തിൻറെ ഭാഗമല്ല. എങ്കിലും, പഠനം ഒരു വിഷയത്തിൽ മാത്രം കേന്ദ്രീകരിക്കാനാകില്ല. ചരിത്രം, സാമ്പത്തികശാസ്ത്രം, സമൂഹശാസ്ത്രം തുടങ്ങി വ്യത്യസ്തവിഷയങ്ങൾ അവൻ/അവൾ പഠിക്കുന്നു. സാധാരണഗതിയിൽ, ഈ വിഷയങ്ങളിലൊന്ന് തന്നെയായിരിക്കും ആ വിദ്യാർഥി ഉന്നതവിദ്യാഭ്യാസത്തിന് പ്രധാനവിഷയമായി തിരഞ്ഞെടുക്കുക. ഈ വിഷയത്തിലെ പ്രധാന ഉള്ളടക്കങ്ങൾ ഹയർസെക്കൻഡറി കോഴ്സിലൂടെ തന്നെ വിദ്യാർഥി ഹൃദിസ്ഥമാക്കിയിട്ടുണ്ടാകും. തൻ്റെ പ്രധാനവിഷയത്തിന്റെ മേഖലയിൽ വരുന്ന മൂന്നോ നാലോ വിഷയങ്ങളിലും തുല്യമായ പരിജ്ഞാനവുമുണ്ടാകും. ഇത് പ്രധാനവിഷയത്തിലുള്ള ഉള്ളടക്കങ്ങളെ കൂടുതൽ സമഗ്രമായി സമീപിക്കാൻ വിദ്യാർഥിയെ പ്രാപ്തനാക്കുന്നു. പ്രധാനവിഷയത്തിൽ പൂർണമായും ഒതുങ്ങുന്ന അടഞ്ഞ വിദ്യാഭ്യാസത്തിന് പകരം, കൂടുതൽ തുറന്നതും താരതമ്യാത്മകവുമായ കാഴ്ചപ്പാടുകൾ രൂപീകരിക്കാനും ഇത്തരമൊരു പാഠ്യപദ്ധതി സഹായകമാകും.
ബിരുദതലമാണ് വിഷയത്തിൽ കേന്ദ്രീകരിച്ചുള്ള പഠനത്തിൻ്റെ രണ്ടാം ഘട്ടം. ഇത് അതിപ്രധാനവും നിർണായകവുമായ ഘട്ടമാണ്. വിദ്യാർഥിയുടെ അക്കാദമികമേഖല പൂർണമായും നിർണയിക്കപ്പെടുന്ന ഘട്ടമാണിത്. അതുകൊണ്ടുതന്നെ, പ്രധാനവിഷയത്തിന്റെ തിരഞ്ഞെടുപ്പും പ്രധാനമാണ്. പ്രധാനവിഷയത്തിന്റെ ഉപവിഷയങ്ങളാണ് വിവിധ കോഴ്സുകൾ/ പേപ്പറുകളായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. പ്രധാന കോഴ്സുകൾ (Main Courses), പൂരക കോഴ്സുകൾ (Complementary Courses ) എന്നിങ്ങനെയും വിഭജനമുണ്ട്. പൂർണമായും പ്രധാനവിഷയവുമായി ബന്ധമുള്ള വിഷയങ്ങളാണ് പ്രധാനകോഴ്സുകളുടെ ഗണത്തിൽപ്പെടുന്നത്. പ്രധാനവിഷയവുമായി പ്രത്യക്ഷവും പൂർണവുമായ ബന്ധമില്ലെങ്കിലും, അതിൻ്റെ അധ്യായനത്തെ പരിപോഷിപ്പിക്കാനാകുന്ന കോഴ്സുകളാണ് പൂരക കോഴ്സുകളായി തിരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷ്, ഭാഷാപഠനങ്ങൾ തുടങ്ങിയ പൊതുവായ കോഴ്സുകളും (Common Courses) ഓരോ ബിരുദപ്രോഗ്രാമിന്റെയും ഭാഗമായിരിക്കും. സംസ്ഥാനത്തെ യൂണിവേഴ്സിറ്റികളിലെ ത്രിവത്സര ബിരുദ പ്രോഗ്രാമുകളുടെ ഏകദേശഘടന മാത്രമാണിത്. ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയവയിൽ അൽപംകൂടി കേന്ദ്രീകരണം സാധ്യമാകുന്നു.
ഓരോ വിഷയങ്ങളിലും വിദഗ്ധരെ വാർത്തെടുക്കുക എന്നതാണ് 'പ്രധാന വിഷയത്തെ കേന്ദ്രീകരിച്ചുള്ള ഉന്നതവിദ്യാഭ്യാസം' എന്ന സങ്കല്പത്തിന്റെ ലക്ഷ്യം. ഇതുതന്നെയാണ് ഉന്നതവിദ്യാഭ്യാസത്തിൻ്റെ ആത്യന്തികമായ പ്രാധാന്യവും. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ഒരു പരിധി വരെ രാജ്യം വിജയിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. എങ്കിലും, കുറേക്കൂടി പ്രായോഗിക സാധ്യതകൾ മുൻനിർത്തി ദീർഘവീക്ഷണത്തോടെയുള്ള നയരൂപീകരണങ്ങളിലൂടെയും സമയബന്ധിതമായ ആസൂത്രണങ്ങളിലൂടെയും പദ്ധതി നിർവഹണങ്ങളിലൂടെയും മുന്നേറാനുള്ള വിഭവ ശേഷിയും ബൗദ്ധിക മൂലധനവും രാജ്യത്തിനുണ്ട്. ദേശീയ വിദ്യാഭ്യാനയം (2020) , FYUGP (Four Year Undergraduate Programme) തുടങ്ങിയവ പ്രധാനവിഷയത്തെ കേന്ദ്രീകരിച്ചുള്ള ഉന്നതവിദ്യാഭ്യാസം എന്ന സങ്കൽപത്തിന് നേരെ ഉയർത്തുന്ന വെല്ലുവിളികളും ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്.
ഇന്ത്യൻ വിദ്യാഭ്യാസരംഗത്തിന്റെ കാര്യക്ഷമതയേയും മത്സരശേഷിയേയും ദുർബലപ്പെടുത്തുന്ന ചില ഘടകങ്ങളെ അടിയന്തിരമായി സംബോധന ചെയ്യേണ്ടതുണ്ട്. സമയബന്ധിതമായ സിലബസ് പരിഷ്കരണത്തിന്റെ അഭാവമാണ് ഏറ്റവും ഗുരുതരമായ ഉത്തരവാദിത്തരാഹിത്യം. അനുനിമിഷം ജ്ഞാനവിസ്ഫോടനം നടക്കുകയും തത്സമയ വിവരവിനിമയം അനായാസം സാധ്യമാകുകയും ചെയ്യുന്ന കാലത്ത്, പഴകിയ വിവരങ്ങളുടെ പാഠപുസ്തകഭാണ്ഡങ്ങൾ വിദ്യാഭ്യാസരംഗത്തെയൊട്ടാകെ രോഗബാധിതമാക്കുന്നുണ്ട്. സാങ്കേതിക-തൊഴിലധിഷ്ഠിത പഠനമേഖലകളിൽ ഈ രോഗം സൃഷ്ടിക്കുന്ന പ്രതിസന്ധി അങ്ങേയറ്റം ഗൗരവതരമാണ്. വർഷങ്ങളുടെ പഴക്കമുള്ള സാങ്കേതികവിദ്യ അഭ്യസിച്ച് തൊഴിൽ വിപണിയിലെത്തുന്ന ഒരു ശരാശരി ഇന്ത്യൻ വിദ്യാർഥിക്ക് എത്രത്തോളം മത്സരക്ഷമതയുണ്ടാകും? സ്കൂൾ-യൂണിവേഴ്സിറ്റി തലങ്ങളിൽ സമീപകാലത്തായി നടന്ന സിലബസ് പരിഷ്കരണങ്ങൾ പ്രശംസനീയമാണെങ്കിലും അവയൊന്നും പര്യാപ്തമല്ല. കോഴ്സുകളുടെ ഘടനയും സംവിധാനവുമെല്ലാം കൃത്യമായ ഇടവേളകളിൽ പുനരാലോചിക്കപ്പെടേണ്ടതുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് പോലെയുള്ള ഏതാനും പുതിയ കോഴ്സുകൾ തുടങ്ങുന്നതിലൂടെ ഈ ദൗത്യം പൂർണമാകുന്നില്ല.
വിദ്യാഭ്യാസരംഗത്തെ സാങ്കേതികവിദ്യയുടെ പ്രയോഗത്തിന്റെ ഗ്രാഫും ഉടനടി ഉയർത്തേണ്ടതുണ്ട്. സ്മാർട്ട് ക്ലാസ് മുറികൾ, ഹൈടെക് വിദ്യാലയങ്ങൾ, പാഠപുസ്തകങ്ങളിലെ ക്യു ആർ കോഡ് തുടങ്ങിയവ മാതൃകാപരമാണ്. കോളേജ് വിദ്യാർഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ കൈവശം വെക്കാവുന്നതിനാൽ ബിരുദതലം മുതലുള്ള പഠനങ്ങളിൽ കൂടുതൽ സാധ്യതകൾ പ്രയോഗിക്കേണ്ടതുണ്ട്. അനുയോജ്യമായ എ ഐ ടൂളുകളുടെ ഉപയോഗം വിദഗ്ധമായ ആസൂത്രണത്തോടെ നടപ്പിൽ വരുത്തിയാൽ അധ്യാപന-അധ്യായന പ്രക്രിയകൾ സുഗമമാക്കാനാവും. ഡിജിറ്റൽവൽക്കരണത്തിനൊപ്പം, ക്ലാസ്റൂം അനുഭൂതി (Classroom experience), അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള അഭിമുഖ സമ്പർക്കം (Face to face contact) തുടങ്ങിയ ജൈവികഘടകങ്ങൾ സംയോജിപ്പിച്ച് സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിൽ വീഴ്ച്ചയരുത്.
'പ്രായോഗിക വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം’ (Skill-based education) എന്ന സങ്കല്പവും പ്രധാനമാണ്. പഠനവിഷയത്തിൽ വിദ്യാർഥിയുടെ പ്രായോഗികശേഷി വളർത്തുന്നതിൽ ഊന്നുന്ന രീതിയാണിത്. സിദ്ധാന്തങ്ങൾ, മനപ്പാഠമാക്കൽ എന്നിവക്ക് പകരം ഉള്ളടക്കത്തിന്റെ പ്രയോഗത്തിന് പ്രാമുഖ്യം നൽകുന്നു. ഇത് തൊഴിൽ നൈപുണിയുള്ള, തൊഴിൽ വിപണിയിൽ ശക്തമായി മത്സരിക്കാവുന്ന ഒരു തലമുറയെ വാർത്തെടുക്കുന്നു. രാജ്യത്തിൻ്റെ മാനവിക വിഭവശേഷി വർദ്ധിപ്പിക്കാനും ആഗോള-വിദേശ തൊഴിൽമേഖലകളിൽ രാജ്യത്തെ പൗരരുടെ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്താനും ഇതുവഴി സാധിക്കുന്നു. വിദഗ്ധതൊഴിൽ മേഖലകളിൽ രാജ്യത്തെ പൗരർ പ്രധാന ശക്തിയാകുന്നതോടെ രാജ്യത്തിൻ്റെ സാമ്പത്തിക-രാഷ്ട്രീയ-നയതന്ത്ര കരുത്തും വർദ്ധിക്കുന്നു. രാജ്യത്തിൻറെ വിദൂരചരിത്രത്തിൽ വേരുകളുള്ള (തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ ഊന്നിയുള്ള ഗുരുകുല സമ്പ്രദായം), രാഷ്ട്രനേതാക്കളുടെ വിദ്യാഭ്യാസ സങ്കല്പത്തിന്റെ തുടർച്ചകളുള്ള (ഗാന്ധിയുടെ വാർധാ വിദ്യാഭ്യാസപദ്ധതി, നെഹ്റുവിൻ്റെ സാങ്കേതികവിദ്യാഭ്യാസ സങ്കല്പം തുടങ്ങിയവ) ഒന്നാണ് ഈ സങ്കല്പമെന്നും സാന്ദർഭികമായി ഓർക്കാവുന്നതാണ്.
ദേശീയതലത്തിലും സംസ്ഥാനതലത്തിലുമെല്ലാം ഉന്നതവിദ്യാഭ്യാസ രംഗം ഘടനാപരമായിത്തന്നെ പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദേശീയ വിദ്യാഭ്യാസനയം(2020) ഘട്ടം ഘട്ടമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. കേരളം 2024-ൽ നാലുവർഷ ബിരുദപ്രോഗ്രാം ആരംഭിക്കുകയും ചെയ്തു. ഇത്തരം മാറ്റങ്ങൾ ഉയർത്തുന്ന ചില ആശങ്കകൾ അത്ര നിസ്സാരമല്ല.
പ്രധാനവിഷയത്തിൽ കേന്ദ്രീകരിച്ചുള്ള ഉന്നതവിദ്യാഭ്യാസം തുടരുമെങ്കിലും, അതിൻ്റെ കേന്ദ്രീകൃതസ്വഭാവം പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൽ കുറയുന്നു. അതായത്, ഒരു ബിരുദപദ്ധതിയിൽ പ്രധാനവിഷയത്തിന്റെ ഭാഗമായ കോഴ്സുകളുടെ എണ്ണം കുറയുന്നു. കൂടുതൽ തുറന്നതും സമഗ്രവുമായ പഠനമാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. വിദ്യാർഥിയുടെ സ്വയംപ്രകടനത്തിനും ക്രിയാത്മക സമീപനങ്ങൾക്കും കൂടുതൽ പ്രസക്തി ലഭിക്കുകയും ചെയ്യും. പക്ഷേ, പ്രധാനവിഷയത്തിൽ വിദ്യാർഥിക്ക് നേടാവുന്ന ജ്ഞാനവും വൈദഗ്ധ്യവും പരിമിതപ്പെടുമോ എന്ന ആശങ്ക ഇവിടെ നിലനിൽക്കുന്നുണ്ട്. പ്രായോഗികവൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം വർധിപ്പിക്കുന്നത് പ്രതീക്ഷാർഹമാണ്. സമാന്തരമായി മാനവിക-ഭാഷാ വിഷയങ്ങൾ അപ്രധാനീകരിക്കപ്പെടുന്നത് അപകടകരവുമാണ്.
കോഴ്സിനിടയിൽ ഉപാധികളോടെ പ്രധാനവിഷയത്തിൽ മാറ്റം വരുത്താമെന്ന് FYUGP വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് വിദ്യാർഥികളുടെ അക്കാദമിക സ്വാതന്ത്ര്യം വർദ്ധിപ്പിക്കുന്നു. കോഴ്സ് ആരംഭിച്ചതിന് ശേഷമുള്ള തിരിച്ചറിവുകൾ കൂടി കണക്കിലെടുത്ത് വിദ്യാർഥികൾക്ക് അക്കാദമികഭാവി നിർണയിക്കാനുള്ള അവസരവും നൽകുന്നു. പക്ഷേ, വിദ്യാർഥികൾക്ക് കൃത്യമായ മാർഗനിർദേശങ്ങളും തീരുമാനങ്ങളെടുക്കുന്നതിൽ അധ്യാപകരുടെ പിന്തുണയും ലഭിക്കാത്ത പക്ഷം ഇത് തെറ്റായ തിരഞ്ഞെടുപ്പുകളിലേക്ക് നയിച്ചേക്കാം.
കൂടുതൽ ഇൻ്റേൺഷിപ്പുകളും ഗവേഷണപദ്ധതികളും പ്രോഗ്രാമിന്റെ ഭാഗമാക്കിയതും സ്വീകാര്യമാണ്. ഇതിൻ്റെ ഭാഗമായി സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന വിദ്യാർഥികൾ അമിതമായ ഫീസ്കൊള്ളക്ക് വിധേയരാകുന്നുണ്ട്. സ്ഥാപനങ്ങളിൽ അവസരം ലഭിക്കാതെ വിദ്യാർഥികൾ വലയുന്ന ദുരവസ്ഥയുമുണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധികൾ കൂടി പരിഹൃതമാകുമ്പോഴേ ബിരുദവിദ്യാഭ്യാസം പൂർണമായും സൗജന്യമാവുകയുള്ളൂ.
ഉന്നതവിദ്യാഭ്യാസരംഗം പരിഷ്കരിക്കപ്പെടുമ്പോഴും ഒഴിഞ്ഞുകിടക്കുന്ന ഡിഗ്രി സീറ്റുകൾ വർഷംതോറും കനം വെച്ചുകൊണ്ടിരിക്കുന്ന യാഥാർഥ്യമാണ്. സംസ്ഥാനത്തെ കോളേജുകളിൽ പഠിക്കാനുള്ള വിദ്യാർഥിസമൂഹത്തിന്റെ താൽപര്യം കുറഞ്ഞുവരുന്ന പ്രവണതയുണ്ട്. വ്യവസ്ഥയിലെ പാളിച്ചകൾ തന്നെയാണ് കാരണം. തൊഴിൽക്ഷമത ഉറപ്പുവരുത്താനോ നിലവിലുള്ള തൊഴിലുകളിൽ ന്യായമായ വേതനം ലഭ്യമാക്കാനോ സാധിക്കുന്നില്ല. തൊഴിൽസാധ്യതയും നിലവാരവുമുള്ള വിദ്യാഭ്യാസം, മികച്ച ശമ്പളത്തോടെയുള്ള തൊഴിൽ എന്നിവ ലഭിക്കുന്ന വിദേശരാജ്യങ്ങളിലേക്ക് വിദ്യാർഥികളുടെയും യുവാക്കളുടെയും കൂട്ടക്കുടിയേറ്റം ഇനിയും തുടരാനേ ഇടയുള്ളൂ. കനത്ത ബൗദ്ധിക ചോർച്ചയിലേക്കും (Brain Drain) മാനവിക വിഭവശേഷിയുടെ അതിർത്തി കടന്നുള്ള ഒഴുക്കിലേക്കുമാണ് ഇത് നയിക്കുക. കാലോചിതമായ വിദ്യാഭ്യാസസംവിധാനങ്ങളും നിലവാരമുള്ള തൊഴിൽ സാധ്യതകളും വാഗ്ദാനം ചെയ്യാനാകാതെ യുവതയെ എങ്ങനെയാണ് അതിർത്തിക്കകത്ത് കാക്കുക ?