arrow_backBack to Journal

പ്രകടന പത്രികകളിൽ കണ്ട ഉന്നതവിദ്യാഭ്യാസം.

കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ഉന്നതവിദ്യാഭ്യാസ നയങ്ങൾ, തൊഴിൽസാധ്യത, ഗവേഷണം, സംരംഭകത്വം, എഐ വെല്ലുവിളികൾ എന്നിവയുടെ വിശകലനം.

By Dr. Aris ThornePublished in The Conscious Campus
പ്രകടന പത്രികകളിൽ കണ്ട ഉന്നതവിദ്യാഭ്യാസം.

ഒരേ സമയം സമ്പദ് വ്യവസ്ഥയും തൊഴിലില്ലായ്മയും വളരുന്ന, വളരെ ആശങ്കാജകനമായ ഒരു സാമ്പത്തികസ്ഥിതിയിലൂടെയാണ് ഇന്ത്യ ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മാർക്കറ്റുകളിലുടനീളം സംഭവിക്കുന്ന നിർമിതബുദ്ധിയുടെ ആശ്ലേഷണം തൊഴിൽമേഖലയെ കൂടുതൽ സങ്കീർണമാക്കിക്കൊണ്ടിരിക്കുകയാണ്. നിർമിതബുദ്ധിയുടെ വരവോടെ നഷ്ടമായിക്കൊണ്ടിരിക്കുന്ന തസ്തികകളിൽ വലിയൊരു പങ്കും പ്രതിസന്ധി രൂപപ്പെടുത്തുന്നത് ബിരുദധാരികളായ തൊഴിലാളികൾക്കും ജീവനക്കാർക്കുമാണെന്ന് പഠനങ്ങൾ വിലയിരുത്തുന്നു. തൊഴിൽ, തൊഴിലിടങ്ങൾ, തൊഴിൽദാതാക്കൾ എന്നിങ്ങനെ അടിസ്ഥാനപരമായ സംവിധാനങ്ങളൊക്കെയും പരിവർത്തനാത്മകമായ ഒരു സന്ധിയിലൂടെ കടന്നുപോകുമ്പോൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തേണ്ടത് അനിവാര്യമാണ്. ഇന്ത്യ പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം പൗരന്മാരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് കൂടിയുള്ള ഉപകരണമാണ്. അതുകൊണ്ടുതന്നെ ഈ മേഖലയെ നിർമിക്കുന്നതിലും കാലാനുസൃതമായി പുതിയ ദിശാബോധങ്ങൾ നൽകുന്നതിനും ഭരണകൂടങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ജനകീയ മുന്നേറ്റങ്ങളുമെല്ലാം ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

കേരളം ഒരു തിരഞ്ഞെടുപ്പിലൂടെ കടന്നുപോയ ഈ അവസരത്തിൽ വ്യത്യസ്ത രാഷ്ട്രീയമുന്നണികൾ ഉന്നതവിദ്യാഭ്യാസത്തോട് സ്വീകരിക്കുന്ന നയങ്ങൾ കേരളത്തിലെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിതിവിശേഷങ്ങളെ വലിയരീതിയിൽ സ്വാധീനിക്കാൻ കഴിവുള്ളവയാണ്. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടന എന്ന രൂപത്തിൽ പരിവർത്തനം നടത്തുക എന്നത് ഇരുമുന്നണികളുടെയും ലക്ഷ്യമായിരിക്കെ, ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ച് അവർക്കുള്ള പരികൽപനകളെ സൂക്ഷ്മമായ പരിശോധനകൾക്ക് വിധേയമാക്കേണ്ടത് അനിവാര്യമാണ്.

പ്രഥമദൃഷ്ട്യാ തന്നെ രണ്ടു വ്യത്യസ്തമായ സമീപനങ്ങളാണ് ഇടത്-വലത് മുന്നണികൾ അവരുടെ പ്രകടനപത്രികയിൽ ഇവ്വിഷയകമായി സ്വീകരിച്ചിട്ടുള്ളത്. ഇടത് സമീപനം കുറച്ചുകൂടെ ഉദ്ഗ്രഥിതമായ ഒരു കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്. ഉന്നതവിദ്യാഭ്യാസം എന്ന ഒരു പ്രത്യേകനയത്തിന് പകരം പഠനാനന്തര തൊഴിലുറപ്പ്, സംരംഭകത്വ പ്രോത്സാഹനം, തുടർവിദ്യാഭ്യാസം, സാങ്കേതികവിദ്യാഭ്യാസം, അന്താരാഷ്ട്രവൽകരണം എന്നിങ്ങനെയുള്ള ആപേക്ഷിക പ്രാധാന്യമുള്ള നയങ്ങളിലൂടെയാണ് ഇടത് മുന്നണിയുടെ ഉന്നതവിദ്യാഭ്യാസ പരികൽപനകൾ രൂപംകൊള്ളുന്നത്.

ഐക്യജനാധിപത്യമുന്നണി മുന്നോട്ടുവെക്കുന്ന നയം ഉന്നതവിദ്യാഭ്യാസ മേഖലയെ ഒരു പ്രത്യേക മേഖലമായി കണ്ടുതന്നെ പരിഗണിച്ച് മുന്നോട്ടുപോകുന്നു. അനുബന്ധമായി കിടക്കുന്ന പ്രാദേശിക വികസനം, തൊഴിലുൽപാദനം, സാങ്കേതിക വികസനം, ജനാധിപത്യ വ്യവസ്ഥ തുടങ്ങിയ ലക്ഷ്യങ്ങൾ ഉന്നതവിദ്യാഭ്യാസ സംവിധാനങ്ങളിൽ അധിഷ്ഠിതമായ രീതിയിലാണ് പരിഗണിക്കപ്പെടുന്നത്.

പൊതുവെ ഉപരിതലസ്പർശിയും എന്നാൽ പ്രേരണാത്മകവുമായ ഒരു സ്വഭാവം കാത്തുസൂക്ഷിക്കുന്ന പ്രകടനപത്രികകൾ ചില അടിസ്ഥാനപ്രമാണങ്ങളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോഴാണ് അപഗ്രഥനാത്മകമായ ദർശനങ്ങൾ സാധ്യമാകുന്നത്. ഇത്തരത്തിൽ പ്രധാനപ്പെട്ട ഒരു പ്രമാണമാണ് ഉന്നതവിദ്യാഭ്യാസം സാധാരണജനങ്ങൾക്ക് ലഭ്യമാകുന്നതിനുള്ള സംവിധാനങ്ങൾ. ഐക്യജനാധിപത്യമുന്നണി ഈ പ്രശ്‌നത്തെ സമീപിക്കുന്നത് പ്രധാനമായും കൂടുതൽ സർക്കാർ സ്ഥാപനങ്ങൾക്ക് രൂപം നൽകുക എന്ന നയത്തിലൂടെയാണ്. നാഷണൽ ലോ സ്‌കൂൾ നിലവാരത്തിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന അംബേദ്ക്കർ യൂനിവേഴ്‌സിറ്റി ഫോർ ലീഗൽ സ്റ്റഡീസ്, ഐ ഐ ടി നിലവാരത്തിൽ സ്ഥാാപിക്കാൻ ഉദ്ദേശിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവ ഈ രീതിയിലാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. പ്രത്യേകസ്ഥാപനങ്ങൾ എന്നതിലപ്പുറം തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസനഗരങ്ങളാണ് ഇടതുമുന്നണി ഇതിനു സമാനമായി മുന്നോട്ടുവെക്കുന്നത്. വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്നതിനു വേണ്ടി സമത്വം എന്ന ആശയത്തെ വിന്യസിക്കുക എന്ന നീതിയുമായി ബന്ധപ്പെട്ട ചർച്ചകളൊക്കെയും ഇവിടെ അവസാനിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിലെ സമപ്രാപ്തിയുമായി ബന്ധപ്പെട്ടുള്ള നയരൂപീകരണങ്ങളൊക്കെയും ഇവിടെ സംഭവിക്കുന്നത് വിദ്യാർഥികൾ വിദ്യാലയങ്ങളിൽ എത്തിയതിന് ശേഷമാണ്. ആർട്‌സ് & സയൻസ് കോളജ് വിദ്യഭ്യാസത്തെ പൂർണമായും സൗജന്യമാക്കാനാണ് എൽ ഡി എഫ് പദ്ധതി ലക്ഷ്യം വെക്കുന്നതെങ്കിൽ യു ഡി എഫ് മുന്നോട്ടുവെക്കുന്നത് കുറഞ്ഞ പലിശക്ക് വായ്പ ലഭ്യമാക്കുന്ന ഒരു എഡ്യുക്കേഷനൽ ഫൈനാൻഷ്യൽ കോർപറേഷനാണ്. ക്യാമ്പസിനകത്ത് സമഭാവനയും ജനാധിപത്യബോധവുമുള്ള ഒരു പരിസരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യം യു ഡി എഫ് കുറച്ചുകൂടെ ഗൗരവമായി എടുക്കുന്നുണ്ട്. ജാതീയവും പക്ഷപാതീയവുമായ വിവേചനങ്ങൾക്ക് തടയിടുന്നതിനുവേണ്ടി രോഹിത് വെമുല നിയമം, റാഗിംഗിനെതിരെ കൂടുതൽ ശക്തമായ നടപടികൾ എന്നിവ ഈ ഉദ്യമത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നു.

ഭരണവും സ്വയംഭരണവും

അധ്യാപകനിയമനവുമായി ബന്ധപ്പെട്ട് കാര്യമായ പരിഷ്‌കാരങ്ങൾ യു ഡി എഫ് പ്രകടനപത്രിക മുന്നോട്ടുവെക്കുന്നുണ്ട്. നിയമനത്തിലുള്ള അമിത രാഷ്ട്രീയ ഇടപെടലുകൾ തടയുന്നതിന് വേണ്ടി അക്കാദമിക് സിൻഡിക്കേറ്റിന് രൂപം നൽകി പ്രവർത്തിക്കാനാണ് പദ്ധതി. കൂടാതെ വിദ്യാർഥിപ്രശ്‌നങ്ങളുടെ ദ്രുതഗതിയിലുള്ള പരിഹാരത്തിന് പ്രത്യേക ഓംബുഡ്‌സ്മാനും നയരൂപീകരണത്തിന്റെ ഭാഗമാവുന്നുണ്ട്. ഇരുമുന്നണികളും ഭരണപരിഷ്‌കാരങ്ങൾ മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും നിലവിലുള്ള നിയമനിർമാണവുമായി ഇതിനെ എങ്ങനെ ഏകോപിപ്പിക്കും എന്ന് വ്യക്തമാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഗുണമേന്മയും ഗവേഷണ സംവിധാനവും

ഗവേഷണവികസനത്തിന് കാതലായ ചില പ്രഖ്യാപനങ്ങൾ ഇരുമുന്നണികളുടെയും നയങ്ങളിൽ കാണാം. രണ്ടാംവർഷം മുതൽ പി എച്ച് ഡി സ്റ്റൈപ്പെന്റ് പ്രതിമാസം ഒരു ലക്ഷം രൂപയാക്കുമെന്ന് ഇടതുമുന്നണി പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു. യു ഡി എഫ് ഗവേഷണ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾ സുതാര്യമാക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ആലോചിക്കുന്നു.

ഗവേഷണരംഗം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഫെലോഷിപ്പുകളുടെയും ഗ്രാന്റുകളുടെയും ലഭ്യതക്കുറവും ഗ്രാന്റിന് അർഹരായവർക്ക് പ്രതിമായ ഗ്രാന്റ് തുക എത്തിക്കുന്നതിലുള്ള പിഴവുകളും പരാമർശങ്ങൾ മാത്രമായി നിലനിൽക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി ഗവേഷകരെ ഉപയോഗിക്കുന്നതിനുള്ള വ്യക്തവും കൃത്യവുമായ ഒരു മാർഗരേഖ അവതരിപ്പിക്കുന്നില്ല. ഫെലോഷിപ്പുകളും ഗ്രാന്റുകളും വർധിപ്പിക്കുന്നതിനും കാലോചിതമാക്കുന്നതിനും സ്വകാര്യസ്ഥാപനങ്ങളെയും മറ്റും എങ്ങനെ ഉപയോഗപ്പെടുത്താമെന്നും കൂടുതൽ സുസ്ഥിരമായ തൊഴിലവസരങ്ങൾ ഗവേഷകർക്കുവേണ്ടി എങ്ങനെ ഉറപ്പുവരുത്താമെന്നും ചർച്ച ചെയ്യപ്പെടുന്നില്ല. ഗവേഷണം ഫലവത്തായ ഒരു ഉദ്യമമായി മാറ്റുന്നതിന് ഗവേഷണഫലങ്ങളെ എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാമെന്നതിനും വ്യക്തമായ നയപ്രഖ്യാപനങ്ങൾ നടന്നിട്ടില്ല.

വിദ്യാർഥികളും സംരംഭകത്വവും

സംരംഭകത്വ 'തരംഗ' പ്രതീതി നിലനിൽക്കുന്ന കേരളത്തിൽ, ഇരു പ്രകടനപത്രികകളും പ്രാധാന്യത്തോടെ തന്നെ സംരംഭകത്വത്തെ ആശ്ലേഷിച്ചിട്ടുണ്ട്. ഇന്നോമേഷൻ, ഇൻക്യുബേഷൻ തുടങ്ങിയവ ആ പദങ്ങളുടെ എല്ലാ അർഥങ്ങളോടെയും ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുക എന്നതാണ് പ്രകടനപത്രികകളിൽ നിന്ന് വ്യക്തമാകുന്ന നയം. എന്നാൽ, പുതിയ പശ്ചാത്തലസൗകര്യവും സബ്‌സിഡി ലോണുകളും എന്നതിലപ്പുറത്തേക്ക് വിദ്യാർഥിസംരംഭകത്വം കടക്കുന്നില്ല എന്നതാണ് യാഥാർഥ്യം. വിദ്യാർഥികൾ പടുത്തുയർത്തുന്ന സംരംഭങ്ങൾക്ക് പുതിയ മാർക്കറ്റുകളിലേക്ക് പ്രവേശിക്കുന്നതിന് ഘടനാപരമായി തന്നെയുള്ള നയനിർമാണം ആവശ്യമാണ്. പൊതുസംരംഭരത്വവുമായി (Public Prourement) ബന്ധപ്പെട്ട മാർക്കറ്റുകളിലേക്ക് വിദ്യാർഥിസംരംഭങ്ങൾക്ക് അവസരം നൽകുന്നത് ഏറെ ഫലവത്തായി വിന്യസിക്കാവുന്ന മറ്റൊരു നയമാണ്. സർക്കാർ ആവശ്യങ്ങൾക്കുവേണ്ടിയും, ഭരണകൂടം നേതൃത്വം നൽകുന്ന വികസന പ്രവർത്തനങ്ങൾക്കുവേണ്ടിയുമുള്ള പൊതുസംരംഭങ്ങളിലേക്ക് ഇത്തരത്തിൽ വിദ്യാർഥികൾക്ക് അവസരങ്ങൾ നൽകുന്നത് പ്രതി യാതൊന്നും തന്നെ ഇരുപ്രകടനപത്രികകളിൽ മുന്നോട്ടുവെക്കുന്നില്ല.

തൊഴിൽ, എ ഐ നയങ്ങൾ

നിർമിതബുദ്ധിയുടെ ഗവേഷണവുമായി ബന്ധപ്പെട്ട് കാര്യമായും വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത് എ ഐ ഗവേഷണ സെന്ററുകളുടെ നിർമാണവും പാഠ്യപദ്ധതിയിലുള്ള മാറ്റങ്ങളുമാണ്. ഉപരിതലസ്പർശിയായ ഈ പ്രഖ്യാപനങ്ങൾ വളരെ പ്രധാനപ്പെട്ട ചില പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നില്ല. പുതിയ ഗവേഷണ സെന്ററുകൾ എന്ന ആശയം ശ്ലാഘനീയമായിരിക്കുമ്പോൾ തന്നെ, ഈ സെന്ററുകളുടെ ഘടന, ശേഷി, ലക്ഷ്യങ്ങൾ എന്നതിനെക്കുറിച്ച് ഗൗരവതരമായ ആലോചനകൾ കാണാനാവുന്നില്ല. ഏതു തരത്തിലുള്ള നിർമിതബുദ്ധിയാണ് സൃഷ്ടിക്കപ്പെടുന്നത്, പശ്ചാത്തലസംവിധാനങ്ങൾ ഏതു രീതിയിൽ ഉപയോഗപ്പെടുത്തുന്നു എന്നതെല്ലാം സമൂഹത്തിലെ എ ഐ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തത ആവശ്യമുള്ള കാര്യങ്ങളാണ്. ഒരേസമയം നിർമിതബുദ്ധിക്കുവേണ്ടിയും തൊഴിലുൽപാദനത്തിന് വേണ്ടിയും ഉന്നതവിദ്യാഭ്യാസം എന്ന ഒരൊറ്റ മേഖലയിൽ തന്നെ നിയമനിർമാണം നടത്തുമ്പോൾ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുന്നത് എങ്ങനെയാണ് എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ഇത്തരത്തിലുള്ള ചർച്ചകൾ പ്രകടനപത്രികകൾ കാര്യക്ഷമമായി പരിഗണിക്കുന്നില്ല എന്ന് കാണാം.

ഉപരിസൂചിതവും സമാനവുമായ കാതലായ ചർച്ചകൾ പ്രകടനപത്രികകളിൽ ഇടംപിടിക്കാതെ വരുമ്പോൾ സംഭവിക്കുന്ന അപകടം സമൂഹത്തിന് വ്യക്തമായ ദിശാബോധം നഷ്ടപ്പെടുന്നു എന്നതാണ്. ഉന്നതവിദ്യാഭ്യാസമേഖലയെ കേവലം ഒരു തൊഴിൽ പരിശീലനം എന്ന രീതിയിലാണോ മനസ്സിലാക്കുന്നത്? വിശാലമായ സാംസ്‌കാരികതയുടെ നിർമാണം എന്ന ലക്ഷ്യം ഈ മേഖലയിൽ നിന്ന് അന്യം നിന്നുപോവുന്നുണ്ടോ? ഉറപ്പുനൽകുന്ന നയനിർമാണ പ്രവർത്തനങ്ങൾ സുതാര്യമായി നടക്കുന്നുവെന്ന് വിദ്യാർഥികളും പൊതുജനങ്ങളും അറിയുന്നത് എങ്ങനെയാണ്? നയങ്ങൾ വിജയകരമായി പൂർത്തിയാക്കി എന്നതിന്റെ അളവുകോൽ എന്താണ്? ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുപ്രാപ്യത ഉറപ്പുവരുത്തുന്നത് എങ്ങനെയാണ്? പ്രകടനപത്രികൾക്കിപ്പുറം ചോദ്യങ്ങൾ പലതും ബാക്കിയാവുന്നുണ്ട്.