സാമൂഹിക മൂല്യവിചാരങ്ങൾ വിൽപ്പനച്ചരക്കാവുമ്പോൾ
തന്റെ മിനികൂപ്പർ കൊണ്ട് മൂന്ന് പേരെ തട്ടിത്തെറുപ്പിച്ച് പിടയുന്ന മൂന്ന് മൃതശരീരങ്ങൾക്ക് മുന്നിൽ നാട്ടുകാരോട് തന്റെ ഡാഡി കാശു കൊടുത്തു കൊള്ളും എന്ന് അവജ്ഞതയോടെ ഒരു പത്തൊൻപതുകാരൻ പറഞ്ഞെങ്കിൽ അത് ആ കൗമാരക്കാരന്റെ മാത്രം അഭിപ്രായമല്ല. മറിച്ച് പണം കൊടുത്ത് വാങ്ങാനും വിൽക്കാനും കഴിയുന്ന ചരക്കുകൾ ആണ് ചുറ്റിലുമുള്ള സകലതും എന്ന മനോഭാവത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതാണ്.

തന്റെ മിനികൂപ്പർ കൊണ്ട് മൂന്ന് പേരെ തട്ടിത്തെറുപ്പിച്ച് പിടയുന്ന മൂന്ന് മൃതശരീരങ്ങൾക്ക് മുന്നിൽ നാട്ടുകാരോട് തന്റെ ഡാഡി കാശു കൊടുത്തു കൊള്ളും എന്ന് അവജ്ഞതയോടെ ഒരു പത്തൊൻപതുകാരൻ പറഞ്ഞെങ്കിൽ അത് ആ കൗമാരക്കാരന്റെ മാത്രം അഭിപ്രായമല്ല. മറിച്ച് പണം കൊടുത്ത് വാങ്ങാനും വിൽക്കാനും കഴിയുന്ന ചരക്കുകൾ ആണ് ചുറ്റിലുമുള്ള സകലതും എന്ന മനോഭാവത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതാണ്. നാം കാണുന്നതിലെല്ലാം സാമ്പത്തിക മൂല്യം (Monetary Value) കണക്കാക്കുന്ന ഈ ശൈലി വിശേഷിച്ചും പ്രൊഫഷണൽ മേഖലയിൽ വർദ്ധിതമായി കണ്ടുവരുന്നു. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ് എന്നതും സാമൂഹികവും സാംസ്കാരികവും പാരസ്പര്യം നിറഞ്ഞതുമായ നൈരന്തര്യങ്ങൾ കൊണ്ട് ബന്ധിതമാണ് എന്നുമുള്ള പാഠങ്ങൾ കമ്പോളത്തിൽ പത്തു കാശിന്റെ വിലക്ക് വിറ്റഴിക്കപ്പെടുന്നു.
കയ്യൂക്കുള്ള മനുഷ്യരും അവരുടെ സ്വാർത്ഥ താല്പര്യങ്ങളുമാണ് എക്കാലത്തും ലാഭം കൊയ്യുന്നവരിൽ മുന്നിൽ നിൽക്കുക എന്നത് നാം കാലങ്ങളായി കണ്ടുവരുന്നു സമാനമായി പത്തും പതിനഞ്ചും വർഷം കൊണ്ട് പഠിച്ചെടുത്ത് ഉയർന്ന ജോലിയോ ശമ്പളം കരസ്ഥമാക്കി പിന്നെയും പിന്നെയും കൂടിയ ഇൻക്രിമെന്റിന് ഓടി മനുഷ്യരുടെ പരസ്പരമുള്ള ഇഴയടുപ്പങ്ങളിൽ ലഭിക്കുന്ന ആനന്ദങ്ങളെ മുഴുവൻ നഷ്ടപ്പെടുത്തി ജീവിതത്തിന്റെ താൽപര്യം പോലും മറന്നു പോകുന്ന തരത്തിലുള്ള നിരർത്ഥകമായ ജീവിതം നയിക്കുന്ന യന്ത്ര മനുഷ്യരെ സൃഷ്ടിക്കുക എന്ന കോർപ്പറേറ്റുകളുടെ ആകെയുള്ള സംഭാവനയുടെ പ്രകടനങ്ങളാണ് ഇവയൊക്കെയും.
നല്ലൊരു കരിയർ ഏതൊരു പഠിതാവിന്റെയും സ്വപ്നമായിരിക്കും. പക്ഷെ അതിന്റെ നിർവചനം ഉയർന്ന ശമ്പളമാകുമ്പോൾ തകരുന്നത് അടിസ്ഥാന മൂല്യങ്ങളാണ്. ഇനി കോർപറേറ്റുകളാണെങ്കിലോ നൽകുന്ന വേതനത്തിനനുസരിച്ച് വ്യക്തികളുടെ സകലമാന കഴിവുകളെയും ചൂഷണം ചെയ്യുന്നു. ഒരു സംരംഭം എന്ന നിലയിൽ ഒരു കമ്പനി തൊഴിലാളികളുടെ കഴിവിനെ ഉപയോഗപ്പെടുത്തുന്നത് സ്വാഭാവികമാണ്. എന്നാൽ തങ്ങളുടെ കൊള്ളലാഭത്തിന് വേണ്ടി അവരോട് മനുഷ്യത്വ രഹിതമായി പെരുമാറുക എന്നിടത്ത് പ്രശ്നങ്ങളുണ്ട്. വിഷാദം, ഉത്കണ്ഠ എന്നിവ കുറക്കാൻ ഉയർന്ന അളവുള്ള മരുന്നുകൾ കഴിക്കുന്ന കോർപ്പറേറ്റ് ജീവനക്കാരുടെ എണ്ണം വർധിക്കുന്നതിൻ്റെ പശ്ചാത്തലം ഇതാണ്.
ജീവിതം എന്നത് കുറെ സമ്പാദിക്കാനുള്ള നിയോഗമാണ് എന്ന ചിന്താഗതിയിൽ മാറ്റം വരണം. അപ്പോഴാണ് മനുഷ്യനിൽ തന്റെ സാമൂഹിക വിചാരങ്ങൾക്ക് പ്രസക്തിയുണ്ടാവുക. അങ്ങനെ വരുമ്പോൾ മാത്രമാണ് പ്രൊഫഷണൽ എത്തിക്സും പ്രൊഫഷണൽ ഇന്റഗ്രിറ്റിയും ഒക്കെ സിലബസിൽ നിന്ന് പ്രായോഗിക തലങ്ങളിലേക്ക് ഉയരുകയുള്ളൂ. വാഹനം നിർമിക്കുമ്പോൾ അതിന്റെ എക്സ്ഹൌസ്റ്റിൽ നിന്ന് വിഷവാതകങ്ങൾ പുറന്തള്ളപ്പെടുന്നുണ്ടെകിൽ അത് വാഹനം ഓടിക്കുന്നവർക്ക് നല്ല പെർഫോമൻസ് തരുന്നുണ്ടാകും. പക്ഷെ പുറത്തുള്ള മനുഷ്യരൊക്കെയും വിഷവാതകം സഹിക്കേണ്ടി വരുന്ന പ്രത്യാഘാതത്തെ കാണാൻ കഴിയണമെങ്കിൽ മേൽ സൂചിപ്പിച്ച സ്വാർഥ ചിന്താഗതികളിൽ നിന്ന് പുറത്ത് വരണം.
മനുഷ്യജീവിതത്തിൽ തന്നെ നിർണായകസേവനങ്ങൾ അനുഷ്ഠിക്കുന്നവരാണ് വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവർ. എന്നാൽ പലപ്പോഴും അനാവശ്യ ടെസ്റ്റുകളും തിരഞ്ഞു പിടിച്ച കമ്പനികളുടെ തന്നെ മരുന്നുകളും എഴുതി കൊടുക്കുന്നതും അനാവശ്യമായി ഇടയ്ക്കിടെ കോൺസൽറ്റേഷന് വരാൻ പറയുന്നതും കൃത്യമായി ജോലി ചെയ്യുന്നവരുടെ പോലും വിശ്വാസ്യത തകർക്കുന്നു. 2024-ൽ ബീഹാറിലെ ഒരു ഡസനോളം പാലങ്ങൾ പൊളിഞ്ഞതും തത്ഫലമായി 15 ഓളം സർക്കാർ തസ്തികകളിൽ ജോലിയെടുക്കുന്ന എഞ്ചിനിയർമാരെ പുറത്താക്കിയതും നാമോർക്കുന്നുണ്ടാകും. നിർമാണത്തിൽ കൃത്രിമം പ്രവർത്തിച്ച് അഴിമതികൾക്ക് കൂട്ട് നിന്നതിന്റെ ഉദാഹരണമായിരുന്നു അത്. സമാനമായി നിയമ രംഗത്തും ഇത്തരം പ്രവർത്തികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈയടുത്താണ് എ ഐ ടൂളുകൾ ഉപയോഗിച്ച് വ്യാജ വിധിപകർപ്പുകളും തെറ്റായ വിവരങ്ങളും കോടതിയിൽ ഹാജറാക്കുന്നതിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവർ അഭിഭാഷകർക്ക് താക്കീത് നൽകിയത്. ചുരുക്കി പറഞ്ഞാൽ ഓരോ രംഗത്തും നിസ്വാർഥമായി സേവനമനുഷ്ടിക്കുന്നവരുടെ എണ്ണം ദിനേന കുറഞ്ഞു വരുന്നു.
മൂല്യവിചാരങ്ങളുടെ ചോരണമാണ് ഈ പ്രതിസന്ധികളുടെയെല്ലാം മൗലികമായ കാരണം. അത് പരിഹരിക്കപ്പെടേണ്ടത് മെച്ചപ്പെട്ട സാമൂഹിക വിചാരങ്ങൾ സന്നിവേശിപ്പിക്കലോടെയാണ്. അപ്പോൾ മാത്രമേ വേദനിക്കുന്ന ഹൃദയങ്ങളുടെ ആർത്തനാദങ്ങൾ ശ്രവിക്കാൻ അവരുടെ കാതുകൾ പര്യാപ്തമാകൂ. അതിന് അവസരമൊരുക്കേണ്ടത് ചുറ്റുപാടുകളാണ്. വിവിധയിനം പ്രൊഫഷണുകളിൽ തൊഴിലെടുക്കുന്നവർ പരസ്പരം സംഘടിക്കണം. അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ മാത്രമല്ല, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ പരസ്പരം പങ്കു വെക്കാനുള്ളത് കൂടിയാകണം അത്തരം സംഗമങ്ങൾ. കയ്യിൽ കുറെ പണമുണ്ടെങ്കിലും ആനന്ദം കണ്ടെത്താൻ കഴിയാത്തവരായിരിക്കും പല പ്രൊഫഷനലുകളും. അവർ പരസ്പരം ഒത്തു ചേരുമ്പോൾ കൂട്ടായ്മകളിലെ ആനന്ദം കണ്ടെത്താനാകും. അപരന്റെ നോവറിഞ്ഞ് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ചേർത്തുനിർത്തി അവന്റെ പ്രശ്നം ലഘൂകരിച്ച് കൊടുക്കുമ്പോൾ ലഭിക്കുന്ന അനന്തമായ ആനന്ദം ആസ്വദിക്കാൻ കഴിയും. അതിന്റെ ഒരു ഉദാഹരണമായിരുന്നു വയനാട്ടിലെ ഒരു മലയോര ഹെൽത്ത് സെന്ററിൽ പോസ്റ്റിങ്ങ് ലഭിക്കുകയും മതിയായ ഉപകാരണങ്ങളുടെ അഭാവം അനുഭവിക്കുകയും ചെയ്ത ഡോ. ദാഹർ മുഹമ്മദ്. തന്റെ പോരാട്ടവീര്യം കൊണ്ട് അധികാരികളിൽ നിന്ന് അവയൊക്കെയും ആ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു വേണ്ടി നേടിയെടുത്ത് വികാരഭരിതനായി അത് ജനങ്ങൾക്ക് അദ്ദേഹം സമ്മാനിച്ച കാഴ്ച നാം കണ്ടതാണല്ലോ. ഇത്തരത്തിൽ സാമൂഹിക വിചാരങ്ങളാൽ നയിക്കപ്പെടുന്ന പ്രൊഫഷനലുകൾ ഉണ്ടാകട്ടെ.