വ്യാജകേസുകൾ നൈതികതയെ ചോദ്യം ചെയ്യുന്നു

വ്യാജ ആരോപണങ്ങളും കേസുകളും നിയമനീതിയുടെയും സാമൂഹിക നൈതികതയുടെയും മുന്നിൽ ഉയർത്തുന്ന ചോദ്യങ്ങൾ.

മുഹമ്മദ് പിമർകസ് ലോ കോളേജ്
വ്യാജകേസുകൾ നൈതികതയെ ചോദ്യം ചെയ്യുന്നു

കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോൾ നീതി നിഷേധിക്കപ്പെട്ട സമൂഹം നിർമിക്കപ്പെടുന്നു. ആധുനിക സാങ്കേതികവിദ്യയുടെയും വർധിച്ചുവരുന്ന പുരോഗമനചിന്തയുടെയും പേരിലുള്ള അനിയന്ത്രിത സ്വാതന്ത്ര്യത്തിന്റെ പരിണതഫലമാണ് തെളിവ് നശിപ്പിക്കലുകളും വ്യാജ തെളിവുകൾ നിർമിക്കപ്പെടുന്നതും. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന അടിസ്ഥാന തത്വത്തിനേൽക്കുന്ന മുറിവാണ് ഈ പ്രവർത്തികളിലൂടെ സംഭവിക്കുന്നത്. കള്ളസാക്ഷികളെ സമർപ്പിക്കുന്നതും വ്യാജ തെളിവുകൾ കൈമാറുന്നതും കോടതിയിലുള്ള വിശ്വാസ്യതയ്ക്ക് പുറമെ സാമൂഹിക സംരക്ഷണത്തിന്റെ അടിത്തറയായ നീതിന്യായ വ്യവസ്ഥയിലും കൂടെയാണ് വിള്ളൽ വീഴ്ത്തുന്നത്.

വ്യാജ തെളിവുകൾ കോടതിക്ക് നൽകുന്നതിലൂടെയും നിർമിക്കുന്നതിലൂടെയും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വലുതാണ്. പൊതു സമൂഹത്തിന്റെ ആത്മവിശ്വാസം തകരുന്നു എന്നത് തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. സാമൂഹികാടിത്തറ ഉറപ്പാക്കുന്നതിലും സംരക്ഷിക്കുന്നതിലും മുഖ്യ പങ്ക് വഹിക്കുന്ന കോടതിയിലുള്ള വിശ്വാസം തകരുന്നതിലൂടെ പൊതുസമൂഹം നീതിന്യായ വ്യവസ്ഥയെ സമീപിക്കുന്നതിൽ വലിയ കുറവ് കാണാനാകും.

സ്ത്രീ പീഡന പരാതികളിലുള്ള പകുതിയോളം കേസുകളും പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യാജമാണെന്ന് തെളിയിക്കപ്പെടുന്നുവെന്ന കോടതിയുടെ അഭിപ്രായം ഏറെ ഗൗരവതരമാണ്. ഒരു മനുഷ്യന്റെ അന്തസ്സുറ്റ ജീവിതത്തിന് അവരുടെ അഭിമാനബോധം വലിയ പങ്കുവഹിക്കുന്നു. വ്യക്തി വൈരാഗ്യങ്ങൾക്കും രാഷ്ട്രീയ, കുടുംബ പകപോക്കലുകൾക്കും വേണ്ടി നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം നടത്തി കള്ളത്തെളിവുകൾ നിർമിക്കുന്നത് കുറ്റാരോപിതന്റെ അഭിമാനബോധത്തിനേൽപ്പിക്കുന്ന കളങ്കം ചെറുതല്ല. കോടതി കുറ്റവാളിയെന്ന് വിധിക്കുന്നത് വരെ കുറ്റാരോപിതന് സംരക്ഷണമൊരുക്കേണ്ടത് അനിവാര്യതയാണ്.

വ്യക്തി വൈരാഗ്യം തീർക്കുന്നതിനുവേണ്ടി കള്ളക്കേസുകൾ നിർമിക്കപ്പെടുമ്പോൾ കോടതി വരാന്തകളിൽ ഊഴം കാത്ത് കെട്ടിക്കിടക്കുന്ന കേസുകളിൽ ഗണ്യമായ വർധനവ് ഉണ്ടാകുന്നു. ഇതുമൂലം കോടതിക്ക് അമിതഭാരം ചുമക്കേണ്ടി വരികയാണ്. ഇത്തരം സംഭവങ്ങൾ കുറ്റവാളിക്ക് കൂടുതൽ ആത്മവിശ്വാസവും ഇരകൾക്ക് കോടതിയിലുള്ള വിശ്വാസക്കുറവും ഉണ്ടാകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നീതിന്യായവ്യവസ്ഥ പൂർണ പരാജയമായി മാറുന്നു. ഇതിനെല്ലാമപ്പുറം, സാമൂഹികഘടനയിലെ നീതിബോധം നശിപ്പിക്കലോടു കൂടെ സംസ്കാരബോധം വിനഷ്ടമാകുന്നത് സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നത് തീർച്ചയാണ്.

1973-ലെ സന്തോഖ് സിങ് Vs ഇസ്ഹാർ ഹുസൈൻ കേസിൽ സുപ്രീം കോടതി ഇത്തരത്തിലുള്ള അനന്തരഫലങ്ങളെ പ്രതിപാദിക്കുകയും വ്യാജതെളിവുകളുടെയും സാക്ഷികളുടെയും അപകടങ്ങളെ ഗൗരവപൂർവ്വം ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. തെറ്റായ തെളിവുകളും വ്യാജ സാക്ഷികളും കോടതിയുടെ പടികൾ കയറാൻ തന്നെ പാടില്ല. അതിനായി തെറ്റായ തെളിവുകൾ നൽകുന്നതിനും നിർമിക്കുന്നതിനുമുള്ള കാരണങ്ങൾ കണ്ടെത്തി, കൃത്യമായ നിയമ നിർമാണം അനിവാര്യമാണ്. വ്യക്തി വൈരാഗ്യങ്ങൾ വ്യാജ തെളിവുകൾ നിർമിക്കുന്നതിനും ഹാജരാക്കുന്നതിനും മുഖ്യമായ കാരണമാകുന്നുണ്ട്. സന്തോഖ് സിങ് Vs ഇസ്ഹാർ ഹുസൈൻ കേസിലും ഇത് തന്നെയായിരുന്നു പ്രധാന കാരണം.

സാമ്പത്തികലാഭം വ്യാജ തെളിവുകൾ നിർമിക്കുന്നതിനുള്ള മറ്റൊരു കാരണം കൂടിയാണ്. സാമ്പത്തികലാഭം മുന്നിൽ കണ്ട് തെറ്റായ തെളിവുകൾ നിർമിക്കുന്നതും ഹാജരാക്കുന്നതും നിയമവ്യവസ്ഥയെ വിലക്കെടുക്കുന്നതിന് തുല്യമാണ്. ഭീഷണിപ്പെടുത്തിയും ഉന്നതയിടങ്ങളിൽ നിന്നുള്ള സമ്മർദ്ദം മൂലവും വ്യാജ തെളിവുകൾ നിർമിക്കാനുള്ള സാധ്യതകൾ വളരെയേറെ കൂടുതലാണ്. സാഹിറ ഹബീബുല്ലാഹ് ശൈഖ് Vs സ്റ്റേറ്റ് ഓഫ് ഗുജറാത്ത് കേസിൽ ഭയവും സമ്മർദ്ദവും മൂലം സാക്ഷികൾ മൊഴികൾ മാറ്റി പറയുകയും സുപ്രീം കോടതി സാക്ഷികളുടെ സുരക്ഷക്ക് വലിയ ഊന്നൽ നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു.

കുടുംബ ബന്ധങ്ങളിലുള്ള അകൽച്ചകൾ വ്യാജ തെളിവുകളും സാക്ഷികളും നിർമിക്കപ്പെടുന്നതിന് കാരണമാകുന്നു. അതോടൊപ്പം കുടുംബബന്ധക്കാരെ സംരക്ഷിക്കാനുള്ള ഉപകരണമായി കള്ളകേസുകൾ ഉപയോഗിക്കപ്പെടുന്നുമുണ്ട്. പെരുമാൾ Vs ജാനകി കേസിൽ അടുത്ത കുടുംബക്കാരനെ സംരക്ഷിക്കാൻ തെറ്റായ പ്രസ്താവനകൾ നടത്തിയെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി.

ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥയിൽ വ്യാപകമായി കാണാൻ സാധിക്കുന്ന ഒരു പ്രവണതയാണ് രാഷ്ട്രീയലാഭങ്ങൾക്ക് വേണ്ടി വ്യാജ തെളിവുകളും കള്ളക്കേസുകളും നിർമിക്കുന്നത്. നിർബന്ധിച്ച് കേസ് കൊടുപ്പിക്കലും കേന്ദ്ര ഏജൻസികള ഉപയോഗിച്ച് പ്രതിപക്ഷത്തെ ആക്രമിക്കുകയെന്നതും സാധാരണ കാഴ്ചയായി മാറിക്കഴിഞ്ഞു. സി ബി ഐ Vs ശ്യാം പ്രസാദ് കേസിൽ രാഷ്ട്രീയസ്വാധീനമുള്ള വ്യക്തിയുടെ അധികാര ദുരുപയോഗത്തിന്റെ മറവിൽ തെറ്റായ രേഖകൾ ചമച്ച് കള്ളകേസുണ്ടാക്കിയിരുന്നു. ഔദ്യോഗിക പദവികളുടെ ദുരുപയോഗം കൂടെയാണ് ഇത്തരം പ്രവൃത്തികളിലൂടെ തെളിയുന്നത്.

നിയമപ്രക്രിയയുടെ വേഗതക്കുറവ് ഇത്തരം സംഭവങ്ങൾ കാരണമാകുന്നുണ്ട്. വ്യാജ തെളിവുകൾ നിർമിക്കുന്നതും ഹാജരാക്കുന്നതും തടയിടുകയെന്നത് നിയമവ്യവസ്ഥയുടെ സംരക്ഷണത്തിന് വളരെയധികം അനിവാര്യമാണ്. നിലവിൽ BNS 229 പ്രകാരം ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്ക് ഏഴു വർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ശിക്ഷയായി ഉണ്ടെങ്കിലും കേസിന്റെ സാഹചര്യത്തിനനുസരിച്ച് ശക്തമായ ശിക്ഷകൾ നൽകൽ അനിവാര്യമാണ്. വിചാരണാ നടപടികൾ വേഗത്തിലാക്കലും നീതിനിഷ്ഠമായ കോടതി പ്രവർത്തനങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.