‘നീറ്റ’ല്ലാത്തൊരു നീറ്റ്

നീറ്റ് പരീക്ഷയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ, വിദ്യാഭ്യാസ സമത്വം, കോച്ചിംഗ് സംസ്കാരം, പ്രവേശന സംവിധാനത്തിന്റെ ഭാവി എന്നിവയെ വിലയിരുത്തുന്ന ലേഖനം.

അഫ്സൽ വലിയപീടിയക്കൽഅലുംനസ്‌, ട്രിനിറ്റി ഒപ്റ്റോമെട്രി കോളേജ് പാലക്കാട്‌
‘നീറ്റ’ല്ലാത്തൊരു നീറ്റ്

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യു ജി പരീക്ഷ വീണ്ടും രാജ്യവ്യാപക ചർച്ചയിലേക്ക് എത്തിയിരിക്കുകയാണ്. ചോദ്യക്കടലാസ് ചോർന്നുവെന്ന ആരോപണം ഉയർന്നതോടെ പരീക്ഷയുടെ വിശ്വാസ്യതയും സംവിധാനത്തിന്റെ സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്നു. ഉത്തരവാദികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിനൊപ്പം പരീക്ഷ നടത്തിപ്പുകാരുടെ ഉത്തരവാദിത്വത്തെ കുറിച്ചുള്ള ചർച്ചകളും ശക്തമാകുന്നു. എന്നാൽ ഈ വിവാദം ഒരു ചോദ്യക്കടലാസ് ചോർച്ചയിലൊതുങ്ങുന്നതല്ല. ഇതിന്റെ പിന്നിൽ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചുള്ള കൂടുതൽ ആഴമുള്ള പ്രശ്നങ്ങൾ ഒളിഞ്ഞുകിടക്കുന്നുണ്ട്.

രാജ്യത്തെ മെഡിക്കൽ പ്രവേശനസംവിധാനം ഏകീകരിക്കാനാണ് നീറ്റ് ആരംഭിച്ചത്. ഒരുകാലത്ത് ദേശീയതലത്തിൽ പ്രീ-മെഡിക്കൽ ടെസ്റ്റും, സംസ്ഥാനതല പ്രവേശനപരീക്ഷകളും, സ്വകാര്യകോളേജുകളുടെ സ്വന്തം പരീക്ഷകളും ഉണ്ടായിരുന്നത് വിദ്യാർഥികൾക്ക് വലിയ ഭാരമായി മാറിയിരുന്നു. സാമ്പത്തിക ചൂഷണവും കാപിറ്റേഷൻ ഫീസും ഡൊണേഷനും പോലുള്ള അനീതികളും വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി ഒരു ഏകീകൃത പരീക്ഷയെന്ന ആശയം മുന്നോട്ടുവന്നത്. എന്നാൽ തുടക്കം മുതൽ തന്നെ ഇത് വിമർശനങ്ങൾക്ക് വഴിവെച്ചു. സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അധികാരത്തിൽ ഇടപെടലാണിതെന്നും സാമൂഹിക-ഭാഷാപരമായ അസമത്വങ്ങൾ വർധിപ്പിക്കുമെന്ന ആശങ്കയും ഉയർന്നു. സുപ്രീംകോടതിയുടെ ഇടപെടലുകൾക്കുശേഷം നീറ്റ് നിലവിൽ വന്നെങ്കിലും വിവാദങ്ങൾ അവസാനിച്ചില്ല.

തുടക്കത്തിൽ ഈ പരീക്ഷ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായി തോന്നിയെങ്കിലും, അത് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസസ്വാതന്ത്ര്യത്തെ ചുരുക്കിയെന്ന വിമർശനം ശക്തമായി ഉയർന്നു. ഒരേ രീതിയിലുള്ള പരീക്ഷ ഒരു വൈവിധ്യമാർന്ന രാജ്യത്ത് എല്ലാവർക്കും തുല്യമായ അവസരം നൽകുമോ എന്ന ചോദ്യവും തുടക്കം മുതൽ നിലനിന്നിരുന്നു. നീറ്റ് പോലുള്ള പരീക്ഷകൾ വന്നതോടെ പഠനത്തിന്റെ ലക്ഷ്യം തന്നെ മാറി. സ്കൂൾ വിദ്യാഭ്യാസം അറിവ് വികസിപ്പിക്കുന്നതിനുള്ള ഇടമായി മാറാതെ, പരീക്ഷ വിജയിക്കാൻ വേണ്ട പരിശീലനത്തിന്റെ ഭാഗമായിത്തീർന്നു.

കോച്ചിംഗ് സെന്ററുകളുടെ എണ്ണം വർധിച്ചു. ചിലതെല്ലാം പണത്തിനു വേണ്ടി മാത്രം എന്തൊക്കെയോ കാട്ടികൂട്ടി. സ്കൂൾ വിദ്യാഭ്യാസത്തെക്കാൾ എൻട്രൻസിന് മാതാപിതാക്കളും മുൻഗണന കൊടുത്തു. ഇതിന്റെ ഫലമായി വിദ്യാർഥികളുടെ സൃഷ്ടിപരമായ ചിന്ത, സാമൂഹികബോധം, കലാപരമായ കഴിവുകൾ തുടങ്ങിയവ പിന്നിലായി.

‘ഒറ്റ പരീക്ഷ’ എന്ന ആശയം നീതിപൂർവമാണെന്നു തോന്നിച്ചാലും, അത് എല്ലാവർക്കും ഒരേ രീതിയിൽ പ്രവർത്തിക്കുന്നില്ല. നഗരങ്ങളിലെ വിദ്യാർഥികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് ലഭ്യമല്ല. നിലവാരമുള്ള പരിശീലനം, ഡിജിറ്റൽ സൗകര്യങ്ങൾ, സാമ്പത്തിക പിന്തുണ ഇവയിലുള്ള വ്യത്യാസങ്ങൾ പരീക്ഷാഫലങ്ങളിൽ പ്രതിഫലിക്കുന്നു. ഭാഷയും ഇവിടെ ഒരു നിർണായകഘടകമാണ്. ഇംഗ്ലീഷ്, ഹിന്ദി കേന്ദ്രീകൃത പഠനസാമഗ്രികൾ പ്രാദേശികഭാഷാ മാധ്യമവിദ്യാർഥികൾക്ക് അധികവെല്ലുവിളി സൃഷ്ടിക്കുന്നു.

ഒരു വിദ്യാർഥിയുടെ വർഷങ്ങൾ നീണ്ടുനിൽക്കുന്ന പഠനത്തെ മൂന്നു മണിക്കൂറിലെ പ്രകടനത്തിലൂടെ അളക്കുക എത്രത്തോളം ന്യായമാണ്? പരീക്ഷയുടെ ദിവസത്തെ മാനസികാവസ്ഥ, ആരോഗ്യസ്ഥിതി, സമ്മർദ്ദം ഇവയെല്ലാം ഫലത്തെ സ്വാധീനിക്കും. ഇവിടെ വിജയം പലപ്പോഴും അറിവിന്റെ പ്രതിഫലനം മാത്രമല്ല; അവസരങ്ങളുടെ, പിന്തുണയുടെ, സാഹചര്യങ്ങളുടെ കൂടിച്ചേരലുകൾ ആണ്.

കേന്ദ്രീകൃതവും രഹസ്യാത്മകവുമായ പരീക്ഷാ സംവിധാനങ്ങളിൽ പിഴവുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ചോദ്യക്കടലാസ് ചോർച്ച പോലുള്ള സംഭവങ്ങൾ ഈ ദൗർബല്യങ്ങളെ വെളിവാക്കുന്നു. ഇത് പരീക്ഷയുടെ വിശ്വാസതയെയും വിദ്യാർഥികളുടെ ആത്മവിശ്വാസത്തെയും ബാധിക്കുന്നു.

ലോകത്തിലെ പല രാജ്യങ്ങളും പ്രവേശനത്തിനായി വ്യത്യസ്തമാർഗങ്ങൾ സ്വീകരിക്കുന്നു. ഒരൊറ്റ പരീക്ഷയിൽ ആശ്രയിക്കാതെ, വിദ്യാർഥികളുടെ സമഗ്രമായ കഴിവുകൾ വിലയിരുത്തുന്ന രീതികളാണ് അവിടങ്ങളിൽ പ്രാധാന്യമുള്ളത്. ഉദാഹരണത്തിന് യോഗ്യതാ പരീക്ഷാ മാർക്ക്, അഭിമുഖങ്ങൾ, പോർട്ട്ഫോളിയോ തുടങ്ങിയവയൊക്കെ മെഡിക്കൽ വിദ്യാഭ്യാസ പ്രവേശനത്തിന് അടിസ്ഥാനമാക്കുന്ന രാജ്യങ്ങളുണ്ട്. ഏത് മാതൃകയാണെങ്കിലും അത് സാമൂഹ്യനീതി ഉറപ്പാക്കുന്നുണ്ടോ എന്നതാണ് പ്രധാനമായി നോക്കേണ്ടത്. കോച്ചിംഗ് ആശ്രയം കുറയ്ക്കാനും സ്കൂൾ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനും കഴിയുന്ന സംവിധാനങ്ങളാണ് നിലവിൽ വരേണ്ടത്.

നീറ്റ് വിവാദം നമ്മെ ഒരു വലിയ സത്യത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ഇന്ന് വിദ്യാഭ്യാസത്തെ ഒരു മത്സരമായാണ് സമൂഹം നോക്കിക്കാണുന്നത്. എന്നാൽ, അത് വ്യക്തിയുടെ വളർച്ചയെയും സമൂഹത്തിന്റെ നീതിയെയും നിർണയിക്കുന്ന സംവിധാനമാണ്. ഇന്നത്തെ സാഹചര്യത്തിൽ ആവശ്യമായത് ചെറിയ തിരുത്തലുകൾ അല്ല; സമഗ്രമായ ഒരു പുനർചിന്തയാണ്. വിദ്യാഭ്യാസം സമത്വത്തിന്റെ വഴിയാകണമെങ്കിൽ, പരീക്ഷാസംവിധാനവും അതിന് അനുയോജ്യമായി ‘നീറ്റാ’യി മാറേണ്ടതുണ്ട്.